ആലുവ: ആലുവ വെളിയത്തുനാട് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് മുകളിലേക്ക് ആൽമരം ഒടിഞ്ഞ് വീണ് അപകടം. ഒരു വിദ്യാർത്ഥി മരിച്ചു. കരോട്ടുപറമ്പ് രാജേഷിന്റെ മകൻ അഭിനവ് (7) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നിലഗുരുതരമാണ്.
പ്രദേശത്ത് രാവിലെ കനത്ത മഴ പെയ്തിരുന്നു. ഇതേ തുടർന്നാണ് മരത്തിന്റെ വലിയൊരു ഭാഗം ഒടിഞ്ഞുവീണത്. ഫുട്ബോൾകളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അപകടം മുൻകൂട്ടി കാണാനായില്ല. പെട്ടെന്ന് മരം ഒടിഞ്ഞുവീണപ്പോൾ കുട്ടികൾക്ക് ഓടിമാറാനുമായില്ല
മരം വീണതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അഭിനവിനെ മരത്തിനടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ അഭിനവ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.












