പത്തനംത്തിട്ട: തിരുവല്ല കോടതി വളപ്പില്‍ ജഡ്ജിയുടെ വാഹനം അടിച്ചു തകർത്തു.മംഗലാപുരത്ത് താമസിക്കുന്ന ജയപ്രകാശ് എന്ന അമ്പത്തിയഞ്ചുകാരനാണ് അക്രമം നടത്തിയത്. ജഡ്ജി ജി.ആർ.ബിൽകുലിന്റെ കാറാണ് തകർത്തത്. വിവാഹമോചന ഹര്‍ജിയില്‍ വിധി പറയാൻ വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ജയപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവല്ലയിലെ കുടുംബക്കോടതി പരിസരത്താണ് സംഭവം നടന്നത്. ബുധനാഴ്ച വൈകുന്നേരം 4.30-ഓടെയായിരുന്നു സംഭവം. ഇയാളും ഭാര്യയുമായുള്ള വിവാഹ മോചന ഹര്‍ജി ഏറെ കാലമായി കോടതിയുടെ പരിഗണനയിലായിരുന്നു.
മംഗലാപുരത്തു നിന്നാണ് കേസിന് ഹാജരാവാനായി ജയപ്രകാശ് എത്തിയിരുന്നത്. കേസ് മാറ്റിവെക്കുന്നത് പതിവായിരുന്നു. ഇന്നും പതിവുപോലെ വൈകുന്നേരത്തോടെ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു എന്ന അറിയിപ്പുണ്ടായി. ഇതോടെയാണ് ജയപ്രകാശ് പ്രകോപിപ്പിതനായതെന്നാണ് സൂചന.
ജഡ്ജി വിസ്തരിക്കുന്നതിനിടെ പല പ്രാവശ്യം ഇയാൾ പ്രകോപിതനായതായി കോടതി ജീവനക്കാർ പറഞ്ഞു. തുടർന്ന് വെളിയിലിറങ്ങി കടയിൽനിന്നു മൺവെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപിൽ ഇട്ടിരുന്ന കാറിന്റെ ചില്ലുകളെല്ലാം അടിച്ചു തകർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജഡ്ജിയെ വിമർശിച്ച് ജയപ്രകാശ് ഫെയ്സ്ബുക്കിലും പോസ്റ്റിട്ടിരുന്നു.












