ആലപ്പുഴ : വായ്പ തിരിച്ചടച്ച് 10 വർഷം കഴിഞ്ഞിട്ടും എസ് ബി ഐ ബാങ്ക് തിരികെ നൽകാത്ത ആധാരങ്ങൾ മൂലം വർഷങ്ങൾ നീണ്ട ദുരിതം അനുഭവിക്കുന്നവർ ആയിരുന്നു ആലപ്പുഴ തുമ്പോളിയിലെ ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ. ഇപ്പോൾ ഇവർക്ക് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ജില്ലാ കളക്ടർ ഹരിത വി കുമാർ. പത്ത് വര്‍ഷം ആധാരങ്ങള്‍ക്കായി ബാങ്ക് കയറിയിറങ്ങി ഒരു ഫലവും ഇല്ലാതെ വന്നതോടെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ ബാങ്ക് ഉപരോധമാണ് കളക്ടറുടെ ഇടപെടലോടെ വിജയം കണ്ടത് . മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങള്‍ക്ക് പകരം പുതിയവ ഈ മാസം 31 നകം എസ്ബിഐ തയ്യാറാക്കി നല്‍കണമെന്നാണ് ജില്ല കലക്ടറുടെ നിർദ്ദേശം. എസ് ബി ഐ സ്വന്തം ചെലവില്‍ വേണം പുതിയ ആധാരങ്ങൾ തയ്യാറാക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ ഹരിത വി കുമാർ ബാങ്കിനെ അറിയിച്ചിട്ടുണ്ട്.
2005 ലാണ് അമലോല്‍ഭവ എന്ന പേരിലുള്ള സ്വാശ്രയഗ്രൂപ്പിനായി മത്സ്യത്തൊഴിലാളികൾ എസ്ബിഐയുടെ കൊമ്മാടി ശാഖയില്‍നിന്ന് 25 ലക്ഷം രൂപ വായ്പയെടുക്കുന്നത്. അമലോല്‍ഭവ തകര്‍ന്നതോടെ ഈ പണത്തിന്റെ തിരിച്ചടവ് മുടങ്ങി. എന്നാൽ പത്ത് വര്‍ഷം മുമ്പ് സര്‍ക്കാർ ഇടപെട്ട് വായ്പ തിരിച്ചടച്ചു. പക്ഷേ 17 പേര്‍ക്ക് ബാങ്ക് ഈടായി നല്കിയ ആധാരം തിരിച്ചു നല്‍കിയില്ല.
കഴിഞ്ഞദിവസം പിപി ചിത്തിരഞ്ജന്‍ എംഎൽഎയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികൾ എസ് ബി ഐ റീജിയണൽ ഓഫീസ് ഉപരോധിച്ചു. മത്സ്യത്തൊഴിലാളികളുടെ ആധാരങ്ങൾ നഷ്ടപ്പെട്ട കാര്യം അപ്പോൾ മാത്രമാണ് ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഈ പ്രശ്നത്തിൽ ഇടപെടുന്നത്.












