കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി സിറിയക് ജോൺ (90) അന്തരിച്ചു. കോഴിക്കോട് വെച്ചാണ് അന്ത്യം. കരുണാകരൻ മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. കൽപ്പറ്റ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് (ആർ) പ്രതിനിധിയായും തിരുവമ്പാടിയിൽനിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ചും നാലു തവണ നിയമസഭയിൽ എത്തിയിട്ടുണ്ട്.
കേരളത്തിൽ കൃഷി ഭവനുകൾ ആരംഭിച്ചത് സിറിയക് ജോൺ കൃഷിമന്ത്രി ആയ കാലത്താണ്. രണ്ട് വർഷമായി മറവി രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. നാളെ 10 മുതൽ 12 വരെ കോഴിക്കോട് ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതു ദർശനത്തിനുവെക്കും. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചർച്ചിൽ.












