പാലക്കാട്: മലയാള സിനിമയിൽ പുരുഷാധിപത്യമാണെന്ന് യുവനടി വിൻസി അലോഷ്യസ്. ചൂഷണങ്ങൾക്കെതിരെ പ്രതികരിച്ചാൽ സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെടും. ചോദ്യം ചെയ്യുന്നവരെക്കുറിച്ച് ഗോസിപ്പുകൾ പറഞ്ഞ് പരത്തുമെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
മലയാള സിനിമയിൽ ചൂഷണം ഉണ്ട്. ഇതിനെതിരെ പ്രതികരിച്ചാൽ മാറ്റിനിർത്തപ്പെടുന്ന പുരുഷാധിപത്യ സമീപനമാണ് ഉള്ളത്. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്താൽ ഗോസിപ്പുകൾ പറഞ്ഞ് പരത്തും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നത്.
സിനിമയിൽ എത്തിയിട്ട് അഞ്ച് വർഷം ആയി. ഇതുവരെ തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല. എന്നാൽ പ്രതിഫലം തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തി. മലയാള സിനിമയിൽ പുരുഷ അപ്രമാദിത്വം നിലനിൽക്കുന്നുണ്ട്.
ചില വിഷയങ്ങൾ ചോദ്യം ചെയ്തപ്പോൾ നീ വന്നിട്ട് 5 വർഷം ആയിട്ടേയുളളൂവെന്ന് നമ്മുടെ വായടപ്പിക്കുമെന്നും വിൻസി കൂട്ടിച്ചേർത്തു.












