ആൺസുഹൃത്തിനെ ഒഴിവാക്കാനായി 19കാരിയായ കാമുകി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പൊലീസിന്റെ പിടിയിൽ. കാമുകന്റെ ശല്യം ഒഴിവാക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചവശനാക്കുകയായിരുന്നു. തിരൂരിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
പട്ടാമ്പി സ്വദേശിയായ യുവതിയാണ് തന്നെയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ നൽകിയത്. എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരാണ് കേസിലെ പ്രതികളായ ചില യുവതികളെന്ന് പൊലീസ് വ്യക്തമാക്കി. ഈ യുവതികളോടൊപ്പം ലഹരി ഉപയോഗിക്കുന്നതിനായാണ് പട്ടാമ്പി സ്വദേശിയായ പെൺകുട്ടി തിരൂരിൽ എത്തിയത്.
പെൺകുട്ടി തിരൂരിലുണ്ടെന്ന വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് യുവാവ് ബൈക്കിൽ ഇവിടെയെത്തിയത്. യുവതിയുടെ അടുത്തേക്ക് എത്തിക്കാമെന്ന് പറഞ്ഞ് പ്രതികളായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ ചേർന്ന് യുവാവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയും മറ്റ് പ്രതികളും കാത്തുനിന്നിടത്ത് എത്തിച്ച ശേഷം യുവാവിനെ ബലമായി കാറിലേക്ക് പിടിച്ചുകയറ്റി.
കാറിനുള്ളിലും ഒളിത്താവളത്തിലുമായി കൊണ്ടുപോയി യുവാവിനെ സംഘം ക്രൂരമായി മർദ്ദിച്ചു. ഇതിനുപുറമേ യുവാവിന്റെ മൊബൈൽ ഫോണും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും പ്രതികൾ കവർച്ച ചെയ്യുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ് അവശനായ യുവാവിനെ പിന്നീട് വഴിയിൽ തള്ളിക്കടക്കുകയായിരുന്നു.
യുവാവിന്റെ പരാതിയെ തുടർന്ന് തിരൂർ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ക്വട്ടേഷൻ സംഘവും യുവതിയും പിടിയിലായത്. പിടിയിലായ പ്രതികളിൽ ചിലർ മുൻപും ലഹരിമരുന്ന് കേസുകളിലും മറ്റ് ക്രിമിനൽ പശ്ചാത്തലത്തിലും ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.












