കൊച്ചി: മകൻ അഭിനയിക്കുന്ന സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ സിദ്ധിഖിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. നേരത്തെ കേസിൽ സുപ്രീം കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ച സിദ്ധിഖ് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മെയിൽ ചെയ്യുകയായിരുന്നു.
ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും മതിയായ രേഖകൾ ഇല്ലെന്ന കാരണത്താൽ തിരിച്ചയക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസിന്റെ കണ്ട്രോള് റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്റെ കേസ് വീണ്ടും പരിഗണിക്കുന്നത്.
സമൂഹ മാദ്ധ്യമത്തിലൂടെ പരാതി ഉന്നയിച്ചതിനെ തുടർന്ന് യുവതി തിരുവനന്തപുരം സിറ്റി പോലീസിൽ പരാതി നൽകുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു . 2016ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ചാണ് കുറ്റകൃത്യം നടന്നതെന്ന് പരാതിയിൽ പറയുന്നു.
യുവതിയുടെ ആരോപണം പ്രഥമദൃഷ്ട്യാ സാധൂകരിക്കുന്ന വിവിധ തെളിവുകൾ ഹോട്ടൽ രേഖകളിൽ നിന്ന് പോലീസ് ശേഖരിച്ചിരുന്നു.ഇതിനെ തുടർന്ന് സിദ്ധിഖ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.











