തൃശൂർ: മൂന്ന് പതിറ്റാണ്ട് നീണ്ട ഒളിവുജീവിതത്തിനും ഒളിച്ചുകളികൾക്കും ഒടുവിൽ തൃശൂർ സിറ്റി പോലീസിന്റെ പൂട്ടിൽവീണ് 1995-ലെ മാർത്ത വധക്കേസ് പ്രതി. ‘രണ്ടാം സുകുമാരക്കുറുപ്പ്’ എന്ന് പോലീസ് രേഖകളിൽ വിശേഷിപ്പിക്കപ്പെട്ട ഒറ്റപ്പാലം സ്വദേശി കൃഷ്ണകുമാറിനെയാണ് (49) അന്വേഷണസംഘം തന്ത്രപരമായി കുടുക്കിയത്.
കേസ് അന്വേഷണം പോലീസ് 2022-ൽ ഊർജിതമാക്കിയിരുന്നു. കൃഷ്ണകുമാറിന്റെ 18-ാം വയസിലുള്ള പഴയ ഫോട്ടോ 2025-ൽ ഗാണ്ടീവ എഐ സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്തതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.
മീററ്റിലെയും ഡൽഹിയിലെയും ബന്ധുക്കളുടെ വിവരങ്ങളും ഇന്റലിജൻസ് വിവരങ്ങളും എഐ വിശകലനവും സമന്വയിപ്പിച്ച് ഒടുവിൽ കൊല്ലം കുണ്ടറയിൽ നിന്നാണ് തൃശൂർ സിറ്റി പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്
1995-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂർ കിഴക്കേക്കോട്ട സ്വദേശിനിയായ മാർത്ത (65) എന്ന വയോധികയെ ആറ് പവൻ സ്വർണാഭരണങ്ങൾക്ക് വേണ്ടി പ്രതികൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ വെറും 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കൃഷ്ണകുമാറും കൂട്ടാളി പ്രസാദും അന്ന് പോലീസിന്റെ പിടിയിലായെങ്കിലും, ജാമ്യത്തിലിറങ്ങിയ കൃഷ്ണകുമാർ നാടുവിട്ട് ഒളിവിൽ പോകുകയായിരുന്നു.
മീററ്റിലെ ഒളിവുജീവിതവും കൊല്ലത്തെ പുതിയ വിലാസവും ജാമ്യത്തിലിറങ്ങി മുങ്ങിയ കൃഷ്ണകുമാർ വിലാസങ്ങൾ മാറി മാറി ഉപയോഗിച്ചാണ് ഉത്തർപ്രദേശിലെ മീററ്റിലെത്തിയത്. വ്യാജ പേരിൽ 15 വർഷത്തോളം മീററ്റിൽ കഴിഞ്ഞ ഇയാൾ പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി കൊല്ലം കുണ്ടറയിൽ താവളമടിച്ചു. ഇവിടെ വെൽഡറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ വിവാഹം കഴിച്ച് കുടുംബസമേതം പുതിയ പേരിൽ ജീവിച്ചു വരികയായിരുന്നു.
പോലീസിന്റെ മാസ്റ്റർ പ്ലാൻ പ്രതി മീററ്റിലേക്ക് കടന്നെന്ന സൂചന ലഭിച്ചതിനെ തുടർന്ന് കേരള പോലീസ് യുപിയിലെത്തി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാൾ കൊല്ലത്തുണ്ടെന്ന നിർണായക വിവരം ലഭിക്കുന്നത്. കുണ്ടറയിൽ വ്യാജ വിലാസത്തിൽ സാധാരണക്കാരനായി ജീവിച്ചുവന്ന ഇയാളെ തൃശൂർ സിറ്റി പോലീസ് വലയിലാക്കുകയായിരുന്നു.












