ഡല്‍ഹി: 17000 കോടി രൂപയുടെ പുതിയൊരു മിസൈല്‍ കരാറിന് ഇന്ത്യയും ഇസ്രായേലും താറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയോടെ 17,000 കോടിയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുന്നത്.
കരയില്‍ നിന്ന് വായുവിലേക്ക് മിസൈല്‍ വിക്ഷേപണത്തിന് സാധ്യതയൊരുക്കുന്ന കരാര്‍ ഇന്ത്യന്‍ പ്രതിരോധത്തിന് ശക്തി പകരും. യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ക്രൂസ് മിസൈലുകള്‍, കൂടാതെ അവാക്സ് വിമാനങ്ങളെ വരെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കാന്‍ ഈ മിസൈലിനു സാധിക്കും. ഇസ്രായേലുമായുള്ള കൂട്ടായ്മയില്‍ ഇന്ത്യ നിര്‍മിച്ച ബാരക് 8 മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഇസ്രായേലിന്റെ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയും ഇന്ത്യയുടെ ഡിആര്‍ഡിഒയും ചേര്‍ന്നാണ് ഈ മിസൈല്‍ നിര്‍മിക്കുന്നതെന്നതാണ് പ്രത്യേകത.
50 മുതല്‍ 70 കിലോമീറ്റര്‍ വരെയാണ് മിസൈലുകളുടെ പരിധി.40 ഫയറിംങ് യൂണിറ്റുകളിലായി 200 മിസൈലുകള്‍ നിര്‍മിച്ച് ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കാനാണ് പദ്ധതി. കരാര്‍ ഒപ്പിട്ടതിനു ശേഷം 72 മാസത്തിനുള്ളില്‍ മിസൈല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകും. 2023 ആകുമ്പോഴേക്കും ഇന്ത്യന്‍ അതിര്‍ത്തി മേഖലകളില്‍ ഈ മിസൈലുകള്‍ വിന്യസിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
വായുസേനക്ക് മാത്രമല്ല നാവിക സേനക്ക് വേണ്ടിയും ഇന്ത്യയും ഇസ്രായേലും തമ്മില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നുണ്ട്. വായുസേനക്ക് മധ്യദൂര മിസൈലുകളാണെങ്കില്‍ നാവികസേനക്ക് ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, എല്‍ ആന്റ് ടി, ടാറ്റ ഗ്രൂപ്പ് തുടങ്ങി നിരവധി മുന്‍ നിര കമ്പനികളാണ് നിര്‍മാണ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Discussion about this post