ഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തകളിൽ വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കാലികള്ക്കെതിരായ ക്രൂരതകള്‍ തടയുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. എട്ടോ ഒമ്പതോ കാലികളെ കൊണ്ടു പോകാന്‍ സൗകര്യമുള്ള വാഹനങ്ങളില്‍ 80ലധികം കാലികളെ കുത്തിനിറച്ചാണ് കശാപ്പിനായി കൊണ്ടുപോകുന്നത്. കര്‍ഷകര്‍ ചന്തയില്‍ കശാപ്പിനായി കൊടുക്കുന്ന കാലികള്‍ ആരോഗ്യമില്ലാത്തതോ രോഗം ബാധിച്ചവയോ ആകും. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നിയമം ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ ഇവയെ വില്‍പ്പനയ്ക്കായി പോലും എത്തിക്കരുതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കന്നുകാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പ് വരുത്തണമെന്നും ഏതെങ്കിലും മതാചാര ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കാനും പാടില്ലെന്ന് നിയമത്തില്‍ പറുന്നുണ്ട്. കാള, പശു, പോത്ത്, എരുമ, ഒട്ടകം എന്നിവയെല്ലാം നിരോധിത പട്ടികയില്‍ പെടും. കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് വില്‍പ്പന നടത്തുന്നതും നിരോധിച്ചിരുന്നു.
Discussion about this post