നടിയെ ആക്രമിച്ച കേസില്‍ ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ച ധര്മ്മജന് ബോള്‍ഗാട്ടിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഡിവൈഎസ്പി വിളിപ്പിച്ചിട്ടാണ് വന്നതെന്ന് ധര്മ്മജന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധമില്ലെന്ന് ധര്മ്മജന് പറഞ്ഞു. സുനിയുമായി സെറ്റില്‍ വന്ന് ഫോട്ടോയെടുത്ത ബന്ധം മാത്രമെന്നും ധര്മ്മജന് അറിയിച്ചു. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും വ്യക്തമാക്കി.
ദിലീപിന്റെ സഹോദരന് അനൂപിനെയും ആലുവ പൊലീസ് ക്ലബിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അനൂപാണ് ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ നോക്കി നടത്തുന്നത്. അനൂപിന്റെ മൊഴിയെടുക്കല്‍ തുടരുകയാണ്.
ഇന്ന് ഉച്ചയോടെയാണ് ധര്മജന് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ആലുവ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ധര്മജന് എത്തിയത്. തന്നെ എന്തിന് വിളിപ്പിച്ചുവെന്ന ആശങ്ക അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചിരുന്നു. മാധ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിലും അത് പ്രകടമായി. എന്തിനാണ് വന്നതെന്ന മാധ്യമപ്രവര്‍ത്തന്റെ ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയില്‍ ധര്‍മജന്റെ മറുപടിയെത്തി. “അറിയില്ല മച്ചാനെ, എന്നെ വിളിച്ചുവരുത്തിയത് ഡിവൈഎസ്പിയാണ്”. ഇങ്ങനെ പറഞ്ഞ് അദ്ദേഹം ആലുവ പൊലീസ് ക്ലബ്ബിലേക്ക് കയറിപ്പോയി.
കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യങ്ങള്‍ അറിയാമോ എന്നത് ചോദിച്ച് മനസിലാക്കാനാണ് ധര്‍മജനെ വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്ന സംവിധായകന് നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃതിക് റോഷന് എന്ന ചിത്രത്തില്‍ ധര്മജന് നിര്‍ണായകമായ ഒരു വേഷം ചെയ്തിരുന്നു. നാദിര്‍ഷയുമായുള്ള ബന്ധമാണ് ധര്‍മജനെ വിളിച്ചുവരുത്തുന്നതിലേക്ക് നയിച്ചത്. ധര്‍മജനൊപ്പം ദിലീപിന്റെ സഹോദരന് അനൂപിനെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണസംഘാംഗം കൂടിയായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചാണ് ചോദ്യം ചെയ്യലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post