ഡൽഹി: നികുതിയടയ്ക്കാനുള്ള വരുമാനമുണ്ടായിട്ടും നികുതി അടയ്ക്കാതെ മാറി നില്ക്കുന്നവരെ കണ്ടെത്താൻ നടപടി ആരംഭിച്ച് ആദായനികുതിവകുപ്പ്. 2017-18 വർഷം രണ്ടുകോടിപ്പേരെയെങ്കിലും പുതിയതായി നികുതിദായകരാക്കാമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞവർഷം 91 ലക്ഷം പേരാണ് നികുതിയടച്ചു തുടങ്ങിയത്.
പുതിയ നികുതിദായകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്താൻ കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് അധ്യക്ഷൻ സുശീൽചന്ദ്ര ആദായനികുതി മേഖലാ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ നിർദേശിച്ചിരുന്നു. നോട്ടസാധുവാക്കലിനും കള്ളപ്പണം കണ്ടെത്താനുള്ള ഓപ്പറേഷൻ ക്ലീൻ മണിക്കുംശേഷം നികുതിയടയ്ക്കാൻ ശേഷിയുള്ളവരെ തിരിച്ചറിയൽ എളുപ്പമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പരിശോധിച്ചും വിശകലനം ചെയ്തും നികുതിയടയ്ക്കാൻ ശേഷിയുള്ളവരെ കണ്ടെത്താനാണ് നിർദേശം.
വിവിധതരത്തിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരം വകുപ്പ് പതിവായി ശേഖരിക്കുന്നുണ്ട്. ഇതിൽനിന്ന് നികുതി അടയ്ക്കാത്തവരുടെ വിവരം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ ക്ലീൻ മണിയിലൂടെയും രഹസ്യാന്വേഷണത്തിലൂടെയും ശേഖരിച്ച വിവരങ്ങളും ഇതിനായി ഉപയോഗിക്കും.
നികുതിപരിധിക്കുള്ളിലുള്ളവരെ സ്വമേധയാ നികുതിയടയ്ക്കാൻ പ്രേരിപ്പിക്കാനുള്ള ബോധവത്കരണ പരിപാടികളും നടത്തും. ചെറുകിട-ഇടത്തരം പട്ടണങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇത്. സംഘടിത-അസംഘടിത മേഖലകളിൽ വർധിച്ചുവരുന്ന സാമ്പത്തികപ്രവർത്തനങ്ങൾ കൂടുതൽപ്പേരെ നികുതിയടയ്ക്കാൻ പ്രാപ്തരാക്കിയിട്ടുണ്ടെന്നാണ് വകുപ്പ് വിലയിരുത്തുന്നത്.
Discussion about this post