ഡല്‍ഹി: ജൂലൈ മുതല്‍ ആരംഭിച്ച ജിഎസ്ടി ഇനത്തില്‍ മാത്രം സര്‍ക്കാരിന് ഇതുവരെ 92,283 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജൂലൈ മുതല്‍ മൊത്തം നികുതിയുടെ 64.42 ശതമാനം നികുതി കിട്ടിയതായും പറഞ്ഞു.
ജൂലൈയില്‍ തുടങ്ങിയ നികുതിയില്‍ എല്ലാ നികുതിദായകരും കൂടി വരുമ്പോള്‍ തുക ഇതിലും കൂടുമെന്നും പറഞ്ഞു. 91,000 കോടിയായിരുന്നു ഇക്കാര്യത്തില്‍ ധനകാര്യ മന്ത്രാലയം പ്രതീക്ഷിച്ച വരുമാനം. ഇതുവരെ നികുതിദായകരായ ബിസിനസുകാരില്‍ 38.38 ലക്ഷം 64.42 ശതമാനത്തോളം പേര് മാത്രമാണ് ജൂലൈയില്‍ തന്നെ നികുതി രേഖകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ റജിസ്ട്രേഷന് അനുസരിച്ച് ജൂലൈയില്‍ മാത്രം 59.57 ലക്ഷത്തോളം ബിസ്സിനസ്സുകാര്‍ നികുതി അടയ്ക്കേണ്ടതുണ്ട്.
ഇതില്‍ 14,894 കോടി വന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ നിന്നാണെങ്കില്‍ 22,722 കോടി വന്നത് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഏകീകൃത ജിഎസ്ടിയിലൂടെ 47,469 കോടിയും പിഴവുകളിലുള്ള നഷ്ടപരിഹാരവും ആഡംബര നികുതിയുമായി 7,198 കോടിയും കിട്ടി. അതേസമയം കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട പ്രതീക്ഷിത തുക 48,000 കോടിയും സംസ്ഥാനങ്ങളില്‍ നിന്നും 43,000 കോടിയുമായിരുന്നെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ആഗസ്റ്റ് 25 ആണ് ആദ്യ മാസ ജിഎസ്ടി അടയ്ക്കേണ്ട അവസാന തീയതി. എന്നിരുന്നാലും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് 28 വരെ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ എക്സൈസ് നികുതിയായി കിട്ടിയത് 31,782 കോടിയായിരുന്നു. സേവന നികുതിയായി 19,500 കോടിയും കിട്ടി. 72.33 ലക്ഷം ബിസിനസുകാര്‍ ജിഎസ്ടി നെറ്റ്വര്ക്കില് കുടിയേറിയിട്ടുള്ളതായിട്ടാണ് കണക്കാക്കുന്നത്. ഇതില്‍ 58.53 ലക്ഷം പേര് റജിസ്ട്രേഷന് നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കിയിട്ടില്ല. 13.80 ലക്ഷം പേര് മാത്രമാണ് ചെയ്തിട്ടുള്ളതെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരിക്കുന്നവര്‍ അക്കാര്യം കൂടി ചെയ്യുന്നതോടെ 92,283 കോടി എന്നത് ഇനിയും കൂടിയേക്കാമെന്നും അരുണ്‍ ജെയ്റ്റ്ലി വ്യക്താക്കുന്നു.
Discussion about this post