കണ്ണൂര്‍: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു നിന്ന് ബാറുകളുടെ ദൂരം 50 മീറ്ററാക്കി കുറച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ വിനോദ സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് ഫൈവ് സ്റ്റാര്‍ ബാറുകളുടെ ദൂരപരിധി കുറയ്ക്കാന്‍ പറ്റുമോയെന്ന നിര്‍ദേശം മാത്രമേ എക്സൈസ് വകുപ്പില്‍ നിന്ന് മുന്നോട്ട് വച്ചിട്ടുള്ളുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ കള്ളു ഷാപ്പുകളുടെ ദൂരം 400 മീറ്ററായും ബാറുകളുടേത് 200 മീറ്ററായും തുടരുകയാണെന്നും ഋഷിരാജ് സിംഗ് അറിയിച്ചു. കണ്ണൂര്‍ കേളകം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ്, സംസ്ഥാനത്തെ വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു ബാറുകള്‍ സ്ഥാപിക്കാനുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവിറക്കിയെന്ന വാര്‍ത്തകള്‍ വന്നത്. ഫോര്‍ സ്റ്റാറിനും അതിനു മുകളിലുമുള്ള ബാറുകളുടെയും ദൂരപരിധിയാണ് കുറച്ചതെന്നായിരുന്നു വിവരം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 50 മീറ്ററായിരുന്ന ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തിയത്. അതോടെ സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപമുള്ള മദ്യശാലകള്‍ പലതും പൂട്ടിയിരുന്നു. 200 മീറ്റര്‍ ദൂരപരിധി ടൂറിസത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ ദൂരപരിധി കുറയ്ക്കണമെന്ന് ഋഷിരാജ്സിംഗ് സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പ് സെക്രട്ടറി ടോം ജോസ് ദൂരപരിധി കുറച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നായിരുന്നു വിവരം.
Discussion about this post