കായൽ കയ്യേറിയ വിഷയത്തില്‍ വിവാദത്തിൽ പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന തോമസ് ചാണ്ടിയെ ന്യായീകരിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകളുമായി അഡ്വ. ഹരീഷ് വാസുദേവൻ. തോമസ് ചാണ്ടി മന്ത്രിയാകുന്നതിനും മുമ്പുള്ള കേസാണ് ഇതെന്നും, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞത്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കള്ളം പറയരുത് മുഖ്യമന്ത്രീ,
ഇന്ന് രാവിലെ താങ്കൾ വിളിച്ചുചേർത്ത മന്ത്രിസഭായോഗത്തിൽ, തോമസ് ചാണ്ടി മന്ത്രിയാകുന്നതിനു മുൻപ് പണ്ടെങ്ങോ നടത്തിയ നിയമലംഘനം ആണ് വിഷയം എന്ന് പറഞ്ഞു കണ്ടു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്ന താങ്കളുടെ നിയമസഭയിലെ പഴയ നിലപാട് മാറിയോ ഇല്ലയോ എന്ന് ആരും ചോദിച്ചു കേട്ടില്ല.
ഇത് 25.09.2017 ൽ ആലപ്പുഴ ജില്ലാ കളക്ടർ, വാട്ടർവേൾഡ് ടൂറിസം കമ്പനി ചെയർമാനായ തോമസ് ചാണ്ടിക്ക് നൽകിയ നിരോധന ഉത്തരവ് ആണ്. താങ്കളുടെ മന്ത്രിസഭയിൽ അംഗമായ ശേഷം തോമസ് ചാണ്ടിക്ക് താങ്കളുടെ സർക്കാരിൽ നിന്ന് കിട്ടിയ നിരോധന ഉത്തരവ്.
ഇതിനു കാരണമായ വില്ലേജ് ഓഫീസറുടെ 17.06.2017 നോട്ടീസും ഇതോടൊപ്പം നൽകുന്നു. 222 മീറ്റർ നീളത്തിൽ ഒന്നര മീറ്റർ വീതിയിലുള്ള സർക്കാർ പുറമ്പോക്ക് വഴിയും റീസർവ്വേ നമ്പർ 1/10 ൽ മിച്ചഭൂമിയും നാളിത് (2017 ജൂൺ 17 നു) മണ്ണ് നിക്ഷേപിക്കുന്നതായും അത് പൂർവ്വസ്ഥിതിയിൽ ആക്കാനുമാണ് വില്ലേജ് ഓഫീസറുടെ നിർദ്ദേശം.
മാർത്താണ്ഡം കായൽ വിവാദം ഉണ്ടായത് മന്ത്രിയായ ശേഷം തോമസ്ചാണ്ടി ചെയ്ത നിയമലംഘനമാണ് എന്നാണ് അങ്ങയുടെ സർക്കാർ പറയുന്നത്. അങ്ങ് മറിച്ചു പറയുന്നത് എന്താടിസ്ഥാനത്തിൽ ആണ്?
തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ താങ്കൾ ഏതറ്റം വരെയും തരംതാണോളൂ, എന്നാൽ നിയമം നടപ്പാക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളെ തള്ളിപ്പറയുന്നത്, കേരള ജനതയുടെ മുഖത്ത് നോക്കി കള്ളം പറയുന്നത് താങ്കൾ ഇരിക്കുന്ന കസേരയ്ക്ക് ഭൂഷണമല്ല പ്രിയ മുഖ്യമന്ത്രീ.
https://www.facebook.com/harish.vasudevan.18/posts/10155861856062640
Discussion about this post