മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ നയ പ്രകാരമുള്ള നോട്ടു അസാധുവാക്കലിനുശേഷം ബാങ്കില്‍ സമര്‍പ്പിച്ച പുതുക്കിയ ആദായനികുതി റിട്ടേണുകള്‍ വീണ്ടും കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്നു. 30 ശതമാനത്തോളം നികുതി കണക്കില്‍പെടാത്ത പണം നിയമവിധേയമാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് തീരുമാനം. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) ഡയറക്ടര്‍ രോഹിത് ഗാര്‍ഗ് ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍മാര്‍ക്ക് അയച്ച മെയിലില്‍ നികുതി ഓഫിസര്‍മാര്‍ക്ക് പുതുക്കിയ റിട്ടേണുകള്ക്കുമേല് പ്രത്യേക ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, പുതുക്കിയ നികുതി റിട്ടേണ്‍ സമര്‍പ്പണം വിവിധ കാരണങ്ങള്കൊണ്ടാകാമെന്നും ആദായം വെളിപ്പെടുത്തല്‍ അതിന്റെ ലക്ഷ്യമാകാമെന്നും അധികൃതര്‍ പറഞ്ഞു. നികുതി ദാതാവിന്റെ മനഃപൂര്‍വല്ലാത്ത അബദ്ധവും തെറ്റുതിരുത്തലും മാത്രമേ അതിലൂടെ സാധ്യമാവുകയുള്ളു എന്ന ഉദ്യോഗസ്ഥരുടെ വാദം ആദായനികുതി നിയമത്തിലെ വ്യവസ്ഥയ്ക്ക് എതിരാണെന്നു അധികൃതര്‍ പറഞ്ഞു.
ആദ്യ ഫയലിങ്ങില്‍ ചെറിയ തെറ്റുപറ്റിയതിന്റെ പേരില്‍ നല്കുന്ന പുതുക്കിയ റിട്ടേണുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് ടാക്സ് ഓഫിസര്‍മാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.
കണക്കില്‍പെടാത്ത സമ്പാദ്യം നിയമവിധേയമാക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ വന്‍തുക അധികനികുതി അടക്കേണ്ടിവരും.
Discussion about this post