പാലക്കാട്: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വിനോദസഞ്ചാര വകുപ്പിനുകീഴില്‍ തുടങ്ങിയ ‘ടേക്ക് എ ബ്രേക്ക്’ (വഴിയരികില്‍ വിശ്രമിക്കാം) പദ്ധതിയും വിഫലമായിരിക്കുന്നു. യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രവും ലഘുഭക്ഷണവും ശൗചാലയങ്ങളും ലഭ്യമാക്കാന്‍ 8.68 കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തത്. 2015 മേയ് 15ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിലായി എട്ട് കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഉത്തരവിറക്കി. 3.68 കോടി അനുവദിക്കുകയും ചെയ്തു. ഓഗസ്റ്റ് 30ന് കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഉത്തരവായി. അഞ്ച് കോടി രൂപയും നീക്കിവെച്ചു.
സംസ്ഥാന-ദേശീയ പാതകള്‍ക്കരികില്‍ സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ സ്ഥലത്ത് നിര്‍മിക്കാനായിരുന്നു തീരുമാനം. ഒരു വര്‍ഷംകൊണ്ട് തുടങ്ങാന്‍ ലക്ഷ്യമിട്ട പദ്ധതി രണ്ടരവര്‍ഷം പിന്നിടുമ്പോഴും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇതില്‍ എട്ടെണ്ണം പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങാത്തവയാണ്. പൂര്‍ത്തിയായവയുടെ നടത്തിപ്പു ചുമതല അതത് ജില്ലകളിലെ ഡി.ടി.പി.സി.കള്ക്കാണെന്നാണ് വിവരാവകാശപ്രവര്‍ത്തകനും ബി.ജെ.പി. പാലക്കാട് ജില്ലാ സെക്രട്ടറിയുമായ പി. രാജീവിന് മറുപടി ലഭിച്ചത്. മൂന്ന് കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. മൂന്ന് കേന്ദ്രങ്ങള്‍ക്ക് സ്ഥലം കണ്ടെത്താനായിട്ടില്ലെന്നും വിനോദസഞ്ചാര വകുപ്പ് പറയുന്നു.
തിരുവനന്തപുരം ശംഖുമുഖത്താണ് ആദ്യം കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന് സമാനമായാണ് 19 കേന്ദ്രങ്ങള്‍കൂടി അനുവദിച്ചത്. കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒന്നുവീതവും മലപ്പുറത്ത് രണ്ടും കേന്ദ്രങ്ങളാണ് ഇപ്പോള്‍ ആകെ പ്രവര്‍ത്തിക്കുന്നത്. 2015 മാര്‍ച്ചില്‍ തുറന്ന ശംഖുമുഖത്തെ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
Discussion about this post