2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രതിപക്ഷത്തെ പരമാവധി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ശ്രമം. സഖ്യത്തിന്റെ കാര്യത്തില്‍ പ്രായോഗികസമീപനം സ്വീകരിക്കുമെന്നും കോണ്‍ഗ്രസ്സ്. ഡല്‍ഹിയില്‍ എ.ഐ.സി.സി. പ്ലീനറി സമ്മേളനം അംഗീകരിച്ച രാഷ്ടീയപ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബി.ജെ.പി.യെയും ആര്.എസ്.എസ്സിനെയും പരാജയപ്പെടുത്തുന്നതിനായി വിവിധ പാര്‍ട്ടികള്‍ക്ക് യോജിക്കാവുന്ന പൊതുപരിപാടിക്കായി കോണ്‍ഗ്രസ്സ് ശ്രമിക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു. ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രാഷ്ടീയ പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന ബിജെപിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉച്ചത്തില്‍ മറുപടി നല്‍കണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. കോണ്‍ഗ്രസ് എന്തു ചെയ്തെന്നാണ് ബിജെപി ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തിന് വേണ്ടതെല്ലാം ചെയ്തതെന്ന് എഴുന്നേറ്റുനിന്ന് അഭിമാനത്തോടെ പറയണമെന്നും ഖാര്‍ഗെ പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തില്‍ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നും പ്രമേയം അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടക്കുന്നതായി അടുത്തിടെ പുറത്തുവന്ന വെളിപ്പെടുത്തലുകളും കേസുകള്‍ കെട്ടിക്കിടക്കുന്നതും പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ അവരുടെ സ്വതന്ത്ര സ്വഭാവം നിലനിര്‍ത്തണം. രാജ്യത്തെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് സന്തുലിതത്വം നിലനിര്‍ത്തേണ്ടത് ജനാധിപത്യം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്- പ്രമേയത്തില്‍ പറയുന്നു.
Discussion about this post