കൊച്ചി: വിദ്യാഭ്യാസത്തിനിടെ മീന്‍ കച്ചവടം നടത്തി മാതൃകയായ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫേസ്ബുക്ക് ലൈവ് വീഡിയോ നല്കിയ നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി. ഇയാളാണ് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവച്ചത്.
ഷെയ്ഖിനെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വയനാട് സ്വദേശിയായ നൂറുദ്ദീന്‍ ഷെയ്ക്കിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് മൊഴിയെടുത്തിരുന്നു.
ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.
തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഹനാന്. ഹനാന് മീന്വില്ക്കുന്ന കാര്യം വാര്‍ത്തയായതോടെ ഇതില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ച് ആദ്യം ഫെയ്സ്ബുക്ക് ലൈവ് വീഡിയോ നല്കിയ ആളാണ് നൂറുദ്ദീന്‍.
Discussion about this post