തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. കേരളം നേരിടുന്നത് ഗുരുതരമായ പ്രശ്നമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പ്രശ്നങ്ങള്‍ നേരിടാന്‍ കേരള സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും, സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇളന്തിക്കരയില്‍ ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തക്കരയിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. മുഖ്യമന്ത്രി പിണറായി വിജയന് മറ്റ് മന്ത്രിമാര്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും രാജ്നാഥ് സിംഗിനൊപ്പം ക്യാമ്പിലെത്തി. ക്യാമ്പിലുള്ള ജനങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
12.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാജ്നാഥ് സിംഗ് ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തി. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിച്ചു. വൈകീട്ട് മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രത്യേക ചര്‍ച്ചയും അദ്ദേഹം നടത്തുന്നുണ്ട്. വൈകിട്ട് 6.10 ന് ദല്ലിയിലേക്ക് മടങ്ങും.
Discussion about this post