നാനൂറ്റിയന്‍പത് കിലോ ഭാരമുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ പി എസ് എല്‍ വീ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. പൂര്‍ണ്ണമായും വാണിജ്യാവശ്യങ്ങള്‍ക്കായി നടത്തുന്ന ഇക്കൊല്ലത്തെ ആദ്യ വിക്ഷേപണമാണിത്. PSLV-C42 റോക്കറ്റ് ഉപയോഗിച്ച് നടത്തിയ ഈ വിക്ഷേപണത്തില്‍ രണ്ട് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണുണ്ടായിരുന്നത്. ബ്രിട്ടണിലെ സറി സാറ്റലൈറ്റ് ടെക്നോളജി ലിമിറ്റഡിന്റെ നോവസര് എന്ന ഉപഗ്രഹവും S1-4 എന്ന ഉപഗ്രഹവുമാണ് വിക്ഷേപണം നടത്തിയത്.
പിഎസ്എല്‍വി ഉപയോഗിച്ചുനടത്തുന്ന നാല്‍പ്പത്തിനാലാമത്തെ വിക്ഷേപണമാണിത്.മുപ്പതിനായിരം കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള ശൂന്യാകാശവ്യവസായത്തില് തങ്ങളുടെ സ്ഥാനം ഇന്ത്യ ഇതോടെ ഉറപ്പിയ്ക്കുകയാണ്. നരേന്ദ്രമോദി ഗവണ്മെന്റിന്റെ സ്വപ്ന പദ്ധതിയാണ് ആഗോള ശൂന്യാകാശ വ്യവസായത്തില്‍ കാര്യക്ഷമതയേറിയ, എന്നാല്‍ ചിലവു കുറഞ്ഞ വാണിജ്യ ശൂന്യാകാശവിക്ഷേപണങ്ങള് നടത്താനാകുന്ന ഒരു രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരികയെന്നത്.
സറി സാറ്റലൈറ്റ് ടെക്നോളജീസും ആന്‍ട്രിക്സ് കോര്പ്പറേഷന് ലിമിറ്റഡും ചേര്‍ന്ന് നടത്തിയതായിരുന്നു ഇന്നത്തെ വിക്ഷേപണം. ഐ എസ് ആര് ഓ യുടെ വാണിജ്യശാഖയാണ് ആന്‍ട്രിക്സ് കോര്പ്പറേഷന് ലിമിറ്റഡ്.
നോവസര് എന്നത് ഒരു റഡാര്‍ ഉപഗ്രഹമാണ്. വനങ്ങള്‍ നിരീക്ഷിയ്ക്കുകയും മാപ്പ് ചെയ്യുകയും ചെയ്യുക, ഭൂമിയുടെ ഉപഭോഗവും മഞ്ഞുപാളികളുടെ ചലനവും നിരീക്ഷിയ്ക്കുക, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭങ്ങളും നീരീക്ഷിയ്ക്കുക എന്നതൊക്കെയാണ് ഇതിന്റെ ഉപയോഗം. S1-4 ഭൂമിയുടെ സര്വെയിങ്ങിനും നഗര നിരീക്ഷണത്തിനും ദുരന്തനിരീക്ഷണത്തിനും ഉപയോഗിയ്ക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമാണ്.
ആഗോള ഉപഗ്രഹവിക്ഷേപണ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. മറ്റു രാജ്യങ്ങളെപ്പോലെയല്ലാതെ കുറഞ്ഞ ചിലവും, സുരക്ഷിതത്വവും, ഏല്‍പ്പിയ്ക്കുന്ന സാങ്കേതികവിദ്യകള്‍ അതിന്റെ വിശ്വസ്തതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നതും ഐ എസ് ആര് ഓ യെ ഈ മേഖലയില്‍ മുന്നിട്ട് നില്ക്കുന്ന മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുകയാണ്.
Discussion about this post