മുസ്ലീ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ച് കൊണ്ട് സുപ്രീം കോടതി ഉത്തരവിടാന്‍ ധൈര്യം കാട്ടുമോയെന്ന് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. കോടതിയുടെ ധൈര്യം ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമേയുള്ളോയെന്നും അദ്ദേഹം സുപ്രീം കോടതിയോട് ചോദിച്ചു.
ശബരിമലയില്‍ വര്‍ഷങ്ങളായി നടത്തപ്പെടുന്ന ആചാരങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതി കാട്ടിയ അമിതാവേശം ഭാവിയില്‍ ജഡ്ജിമാര്‍ക്കു ബാധ്യതയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിയതിലൂടെ സുപ്രീം കോടതി കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് കുറെയേറെ ആരാധനാലയങ്ങളുണ്ടെന്നും ഓരോന്നിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതികള്‍ അത്തരം വിഷയങ്ങളില്‍ നിന്നും പരമാവധി മാറിനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ മിക്ക മുസ്ലീം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും ഡല്‍ഹിയിലെ ജമാ മസ്ജിദ് പോലെ വിരലിലെണ്ണാവുന്ന ചില പള്ളികളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ പള്ളികളില്‍ പോലും സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിധിന്യായത്തിലെ വിയോജനക്കുറിപ്പിലൂടെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കാട്ടിയ സമചിത്തത ഭൂരിപക്ഷ ബെഞ്ച് കാട്ടിയില്ലെന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ടെന്നും കട്ജു വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.
Discussion about this post