ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനമാകെ പ്രതിഷേധമുയരുമ്പോള്‍ അത് അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അത് വെല്ലുവിളിയായി സ്വീകരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കടുത്ത വാശി ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസി സമൂഹത്തിന്റെ കൂടെയാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടതെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ വീട്ടിലേക്ക് സമാധാനപരമായി നടത്തിയ മാര്‍ച്ചിനെ യാതൊരു കാരണവുമില്ലാതെയാണ് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ബി.ജെ.പി സമരരംഗത്തേക്ക് ഇറങ്ങുമെന്ന് ശ്രീധരന് പിള്ള വ്യക്തമാക്കി. ബി.ജെ.പിയുടെ കോര്‍കമ്മിറ്റി യോഗം ചേര്‍ന്നതിന് ശേഷം രണ്ട് ദിവസത്തിനകം സമരരൂപം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം ശബരിമല വിധിയെ സ്വാഗതം ചെയ്ത് കൊണ്ടുള്ള സുബ്രഹ്മണ്യന് സ്വാമിയുടെ അഭിപ്രായം കേരള ഘടകത്തിന് ബാധകമല്ലായെന്ന് ശ്രീധരന് പിള്ള വ്യക്തമാക്കി. സുബ്രഹ്മണ്യന് സ്വാമി ബി.ജെ.പിയുടെ ദേശീയ ഭാരവാഹിയല്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post