സംസ്ഥാന സര്‍ക്കാര്‍ സവര്‍ണലോബിയുടെ പിടിയിലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. പിന്നാക്കക്കാരന്റെ വോട്ടും മുന്നാക്കക്കാരന്റെ ഭരണവുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ വല്ലതും പറഞ്ഞാല്‍ സര്‍ക്കാര്‍ ‘മുട്ടവടി’യ്ക്ക് പുറം അടിച്ച് പൊളിക്കും. എന്നാല്‍, പറയുന്നത് എന്‍.എസ്.എസാണെങ്കില്‍ അടി ‘മയില്‍പ്പീലി’കൊണ്ടാവും,’ അദ്ദേഹം പറഞ്ഞു. അവര്‍ തമ്പ്രാന്മാരും ഞങ്ങള്‍ അടിയാന്മാരുമെന്ന ചിന്തയാണ് എപ്പോഴും അവരെ മഥിക്കുന്നത്. ഒരു കൂടിയാലോചനയും ഇല്ല. അവര്‍ തെളിക്കുന്ന വഴിയേ ഞങ്ങള്‍ ചെല്ലണമെന്നാണോ കരുതുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ശബരിമലയില്‍ കോടതി വിധി വന്നതിന് പുറകെ എന്‍.എസ്.എസ് വര്‍ഗ്ഗീയത് കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.എസ്.എസിനെ വഴിവിട്ട് സഹായിച്ചതിനുള്ള അര്‍ഹിച്ച ശിക്ഷയാണ് എന്‍.എസ്.എസിന് ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ എസ്.എന്‍.ഡി.പി പിന്തുണച്ചത് മൈക്രോഫിനാന്‍സ് കേസ് ഭയന്നിട്ടല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശാശ്വതികാനന്ദ, മൈക്രോഫിനാന്‍സ് തുടങ്ങിയ കേസുകളില്‍ തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സിലെ അഞ്ച് കോടി രൂപ പലിശയടക്കം തിരിച്ചടച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ എല്ലാവരും തന്നെ കമ്മ്യൂണിസ്റ്റ് വക്താവാണെന്ന് പറയുമെന്നും മന്ത്രി മണിയുമായി തര്‍ക്കമുണ്ടായപ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റിന്റെ ശത്രു എന്ന് വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടുകള്‍ പ്രശ്നത്തിന് അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കിരീടമില്ലാത്ത പന്തളം രാജകുടുംബത്തെ കിരീടമുള്ള പിണറായിയാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും തന്ത്രി കുടുംബത്തിന്റെയും രാജകുടുംബത്തിന്റെയും തലച്ചോര്‍ ചങ്ങനാശേരിയില്‍ പണയം വെച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
Discussion about this post