ഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രിംകോടതിയില്‍ സ്ഥിതി റിപ്പോര്‍ട്ടു സമര്‍പ്പിക്കാനൊരുങ്ങി ദേവസ്വംബോര്‍ഡ്. റിപ്പോര്‍ട്ട് നല്‍കുന്നതിനെക്കുറിച്ച് അഭിഭാഷകരുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച തുടങ്ങി. റിപ്പോര്‍ട്ട് നാളെ ഫയല്‍ ചെയ്യാന്‍, ഇന്ന് ഡല്‍ഹിയിലെത്താന്‍ ബോര്‍ഡിന്റെ പ്രതിനിധികളോട് അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥിതി റിപ്പോര്‍ട്ട് നല്‍കുകയെന്നത് ബോര്‍ഡിന്റെ തീരുമാനമാണ്. റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടില്ല. കോടതിയലക്ഷ്യമാകാത്ത രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുതന്നെ വെല്ലുവിളിയാണെന്ന് അഭിഭാഷകര്‍ സൂചിപ്പിച്ചു. റിപ്പോര്‍ട്ട് നല്കിയാല്ത്തന്നെ കോടതി അത് നിലവിലെ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനാണ് സാധ്യത. പുനഃപരിശോധനാ ഹര്‍ജികള്‍ എന്നു പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിക്കുള്ള സാധ്യതയും നിലവിലുണ്ട്.
വിധി നടപ്പാക്കാന്‍ സാധിക്കില്ലെന്ന നിലപാടെടുക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കപ്പെടുമെന്നാണ് പ്രാഥമിക നിയമോപദേശം. വിധി നടപ്പാക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാരിനു കീഴില്‍ നിയമപ്രകാരമുള്ള സംവിധാനമായ ബോര്‍ഡിനു പറയാന്‍ സാധിക്കില്ലെന്നാണ് അഭിഭാഷകരുടെ പ്രാഥമിക നിലപാട്. ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതും അപ്രായോഗികമാണെന്നാണ് അഭിഭാഷകരുടെ അഭിപ്രായം.ക്രമസമാധാന പ്രശ്നമുള്ളതിനാല്‍ വിധി നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാരിനും പറയാനാവില്ല. യുവതീപ്രവേശത്തെ എതിര്‍ക്കുന്നവര്‍ കോടതിയെ സമീപിച്ചാല്‍ അതിനെ പിന്തുണയ്ക്കുകയെന്നതാവും ബോര്‍ഡിനു സ്വീകരിക്കാവുന്ന സമീപനം.
Discussion about this post