പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷ്-ഇ-മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ മരിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി പാക്കിസ്ഥാന് മാധ്യമങ്ങള്‍ രംഗത്ത്. മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളെ ഉദ്ധരിച്ചുകൊണ്ടാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വിഷയത്തില്‍ ഒരു തരത്തിലുള്ള പ്രതികരണവും പാക്കിസ്ഥാന് സര്‍ക്കാര്‍ നടത്തിയിട്ടില്ല.
മസൂദ് അസര്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചുവെന്ന് ചില മാധ്യമങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിലരാകട്ടെ മസൂദ് അസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവല്‍പിണ്ടിയിലെ സേനാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മസൂദ് അസര്‍ മരിച്ചില്ലെന്ന് ജയ്ഷ് പറയുന്നു.
അതേസമയം രണ്ട് ദിവസം മുന്‍പ് മസൂദ് അസറിന് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം സുഖമില്ല എന്ന് പാക്കിസ്ഥാന് വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പ്രസ്താവിച്ചിരുന്നു.
മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയം കഴിഞ്ഞ ബുധനാഴ്ച യു.എന്‍ രക്ഷാസമിതിയില്‍ യു.എസ്, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ചിരുന്നു. കൂടാതെ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന് നടപടിയെടുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ ഫോണിലൂടെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചിലര്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് പ്രതിഷേധവും നടത്തിയിരുന്നു.
Discussion about this post