കര്‍ണാടകത്തില്‍ ജനതാദള്‍-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ ലോക്സഭയിലേക്ക് മത്സരിക്കുന്ന തുമകൂരുവിലും കൊച്ചുമക്കളായ നിഖില്‍ കുമാരസ്വാമിയും പ്രജ്വല്‍ രേവണ്ണയും ജനവിധിതേടുന്ന മാണ്ഡ്യ, ഹാസന് മണ്ഡലങ്ങളിലും ഭീഷണി കോണ്‍ഗ്രസ് വിമതരാണ്.
തുമകൂരുവില്‍ കോണ്‍ഗ്രസിലെ സിറ്റിങ് എം.പി. മുദ്ദഹനുമെ ഗൗഡയാണ് വിമത സ്ഥാനാര്‍ഥി. പത്രിക പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട ശ്രമത്തിലാണ്. എന്നാല്‍, ജനങ്ങള്‍ തന്നോടൊപ്പമാണെന്ന ഉറച്ച നിലപാടിലാണ് മുദ്ദഹനുമെ ഗൗഡ. സഖ്യചര്‍ച്ചയില്‍ ഇരുപാര്‍ട്ടിയുടെയും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്ന ധാരണയുണ്ടായിരുന്നു. ഇത് ലംഘിച്ചതിലാണ് പ്രതിഷേധം.
അതു പൊലെ ദേവഗൗഡയുടെ പത്രികസമര്പ്പണത്തില്നിന്ന് ചില നേതാക്കള്‍ വിട്ടുനിന്നതും ശ്രദ്ധേയമായിരുന്നു.. ഹാസന് വിട്ട ദേവഗൗഡയ്ക്കുമുന്നില് രണ്ട് മണ്ഡലങ്ങളാണ് തിരഞ്ഞെടുക്കാനുണ്ടായിരുന്നത്. ബെംഗളൂരു നോര്‍ത്തും തുമകൂരുവും. കോണ്‍ഗ്രസും സ്വന്തം പാര്‍ട്ടി നേതാക്കളും തുമകൂരു തിരഞ്ഞെടുത്തപ്പോള്‍ ദേവഗൗഡയും സമ്മതംമൂളുകയായിരുന്നു.
മാണ്ഡ്യയിലും കോണ്‍ഗ്രസില്‍ കടുത്ത ഭിന്നതയാണ്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയാണ് ഇവിടെ കോണ്‍ഗ്രസ്-ദള്‍ സഖ്യസ്ഥാനാര്‍ഥി. എന്നാല്‍ ഇവിടെ എതിര്‍സ്ഥാനാര്‍ത്ഥി മറ്റാരുമല്ല, സ്വതന്ത്രസ്ഥാനാര്‍ഥിയും പ്രശസ്തനടിയുമായ സുമലതയാണ്.കോണ്‍ഗ്രസ് നേത്ൃത്വം മുഴുവന്‍ സുമലതയ്ക്കൊപ്പമാണ്.ഇത് പരസ്യമായി പ്രകടിപ്പിച്ച മാണ്ഡ്യയിലെ ഏഴ് മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. എന്നിട്ടും പ്രവര്‍ത്തകര്‍ നിഖില്‍ കുമാരസ്വാമിയെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല.. മാണ്ഡ്യയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ചെലവരായ സ്വാമി, പി.എം. നരേന്ദ്രസ്വാമി, രമേശ് ഗൗഡ എന്നിവര്‍ നിഖില്‍ കുമാരസ്വാമിയുടെ പത്രികസമര്‍പ്പണത്തില്‍ എത്തിയില്ല. നിഖില്‍ കുമാരസ്വാമിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ അതൃപ്തിയുള്ള നേതാക്കളാണിവര്‍. മാണ്ഡ്യയില്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. ഇവിടെ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേക നിരീക്ഷകനെ നിയമിക്കണമെന്ന് സുമലതയും ബി.ജെ.പി.യും ആവശ്യപ്പെട്ടിരിക്കയാണ്.
ദളിന്റെ സുരക്ഷിതമണ്ഡലമാണെങ്കിലും ഹാസനിലും കോണ്‍ഗ്രസ് നേരിടുന്നത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണ്. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട എ. മഞ്ജുവാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. മഞ്ജുവിനെ പിന്തുണയ്ക്കുന്ന നേതാക്കളും കോണ്‍ഗ്രസ് വിട്ടു. അസ്വാര്യസ്യങ്ങള്‍ കണ്ടറിഞ്ഞാണ് ബെംഗളൂരു നോര്‍ത്ത് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ ദള്‍ തയ്യാറായത്. ഇതോടൊപ്പം ഉഡുപ്പി-ചിക്കമംഗളൂരുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം തയ്യാറല്ല. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റുകളില്‍ ശക്തനായ സ്ഥാനാര്‍ഥിയില്ലാത്തതാണ് കോണ്‍ഗ്രസിനെ സമീപിക്കാന്‍ കാരണം. സഖ്യം കാരണം പഴയ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസിനാണ് നഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ചേരിപ്പോര് ഇല്ലെങ്കില്‍ മാണ്ഡ്യയിലും ഹാസനിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വലിയ ഭീഷണിയൊന്നും നേരിടേണ്ടിവരില്ല. നിര്‍ണായകസ്വാധീനമുള്ള വൊക്കലിഗ സമുദായം ദളിനൊപ്പമാണ്. മാണ്ഡ്യയിലെ എട്ട് നിയമസഭാസീറ്റും ദളിനാണ്. ഹാസനിലെ സ്ഥിതിയും വിഭിന്നമല്ല.
Discussion about this post