ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി ലഭിച്ചത് 303 നാമനിർദേശപത്രികകൾ. അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
പത്തനംതിട്ടയിലെയും ആറ്റിങ്ങലിലെയും എൻഡിഎ സ്ഥാനാർത്ഥികളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പുതിയ സെറ്റ് പത്രിക നൽകി. കൂടുതൽ കേസുകൾ ഉള്ള സാഹചര്യത്തിലാണിത്. കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പിസി തോമസ്, പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി, തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു.
ഏറ്റവും അധികം സ്ഥാനാർത്ഥികൾ ഉള്ളത് വയനാട്ടിലും ആറ്റിങ്ങലിലുമാണ്. 23 പത്രികകള്‍ വീതമാണ് ഇവിടെ സമര്‍പ്പിച്ചിട്ടുള്ളത്. കുറവ് സ്ഥാനാർത്ഥികൾ ഉള്ളത് ഇടുക്കി മണ്ഡലത്തിലാണ്. ഒമ്പത് പേരാണ് ഇവിടെ പത്രിക നൽകിയത്. എട്ടാം തിയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 23നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലുള്ളതിനേക്കാൾ 93 എണ്ണം കുറവാണ് ഇക്കുറി.
Discussion about this post