തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സാമ്പത്തിക ബാദ്ധ്യതയെ തുടർന്നാണ് എല്ലാവരെയും കൊലപ്പെടുത്തിയത് എന്നാണ് പ്രതി അഫാൻ പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഈ മൊഴി പൂർണമായി വിശ്വസിക്കാത്ത പോലീസ് കൊലയ്ക്ക് മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
പിതാവിന് 75 ലക്ഷം രൂപയുടെ കടം ഉണ്ടെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്. ഇതേ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായിരുന്നു. തർക്കം മൂർച്ചിച്ചതോടെ ഇനി ആരും ജീവിക്കേണ്ടെന്ന് പറഞ്ഞ് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും അഫാൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
അഫാന്റെ പിതാവിന് വിദേശത്ത് സ്‌പെയർപാർട്‌സ് കടയാണ് ഉള്ളത്. ഇവിടെ സഹായത്തിന് നിൽക്കുകയാണ് അഫാൻ. അടുത്തിടെയാണ് വിദേശത്തേക്ക് പോയ പ്രതി തിരികെ എത്തിയത്. പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. സാമ്പത്തിക ബാദ്ധ്യതയ്ക്കിടെ യുവതി വീട്ടിലേക്ക് കൊണ്ടുവന്നതിൽ വീട്ടിൽ നിന്നും വലിയ എതിർപ്പ് നേരിടുകയായിരുന്നു. ഇതോടെ ബന്ധുവീടുകളിൽ സഹായം അഭ്യർത്ഥിച്ച് ചെന്നു. എന്നാൽ സഹായം ലഭിച്ചില്ല.
തർക്കത്തിനിടെ മാതാവിനെ മർദ്ദിച്ചു. കഴുത്ത് ഞെരിച്ചു. ഇതിന് ശേഷം മരിക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് ബന്ധുക്കളെക്കൂടി സഹായത്തിനായി സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. അവരും കയ്യൊഴിഞ്ഞതിന് പിന്നാലെയാണ് കൂട്ടക്കൊല നടത്തിയത് എന്നും അഫാൻ പോലീസിനോട് പറഞ്ഞു.
അതേസമയം ഈ മൊഴി വിശ്വസനീയം അല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൃത്യം നടത്തുന്നതിന് മുൻപ് അഫാൻ അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൽകിയില്ല. ഇതേ ചൊല്ലിയായിരുന്നു അമ്മയുമായി തർക്കം. ഇതിന് ശേഷം വല്യുമ്മയുടെ അടുത്ത് മാല പണയം വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതും നൽകിയില്ല. ഇതിന്റെ ദേഷ്യത്തിൽ ആയിരുന്നു കൂട്ടക്കൊല.
പിതാവിന് സഹായിക്കുന്ന അഫാന് എന്തിനാണ് ഇത്രയും പണം ആവശ്യമായി വന്നത് എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അഫാന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
Discussion about this post