തിരുവനന്തപുരം: മകനെ പോലെ സ്‌നേഹിച്ച അഫ്‌സാനെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ വികൃതമായ നിലയിൽ ആയിരുന്നു അഫ്‌സാന്റെ മുഖം. കൊലപാതക പരമ്പരയിൽ അഫാൻ ഏറ്റവും അവസാനം എടുത്തത് കാമുകിയുടെ ജീവൻ ആയിരുന്നു.
കൊലപ്പെടുത്തുന്നതിന് മുൻപായി അഫ്‌സാന് അഫാൻ കുഴിമന്തി വാങ്ങിക്കൊടുത്തിരുന്നു. അഫ്‌സാനുമായി ഹോട്ടലിൽ എത്തിയായിരുന്നു മന്തി വാങ്ങി നൽകിയത്. ഇവിടെ നിന്നും ബാക്കിയുള്ള ഭക്ഷണം മാതാവ് ഷമിയ്ക്കായി പാഴ്‌സൽ വാങ്ങിയിരുന്നു. ഈ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വീടിന് പുറത്തുള്ള ചെയറിൽ ഉണ്ട്. ബൈക്കിൽ ആയിരുന്നു ഇരുവരും ഭക്ഷണം കഴിക്കാൻ പുറത്തുപോയത്. ഇത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.
അഫ്‌സാനും അഫാനും തമ്മിൽ 10 വയസ്സ് പ്രായവ്യത്യാസം ഉണ്ട്. പിതാവ് വിദേശത്ത് ആയതുകൊണ്ട് തന്നെ പിതാവിന്റെ കരുതൽ നൽകി അഫാൻ ആയിരുന്നു അഫ്‌സാനെ വളർത്തിയിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ പഠനത്തിൽ ഉൾപ്പെടെ അഫാൻ ശ്രദ്ധ നൽകിയിരുന്നു. അമ്മയുടെ അസുഖം അഫ്‌സാന്റെ പഠനത്തെ ബാധിക്കാതിരിക്കാനും ഇയാൾ ശ്രദ്ധിച്ചിരുന്നു.
മൂന്ന് കൊലപാതങ്ങൾ കഴിഞ്ഞ് വീട്ടിൽ എത്തിയ അഫാൻ അഫ്‌സാനെ ആയിരുന്നു ആദ്യം കൊലപ്പെടുത്തിയത്. ഇത് കണ്ട ഷമി തടയാൻ ശ്രമിക്കുന്നതിനിടെ വെട്ടേൽക്കുകയായിരുന്നു. കാമുകി ഫർസാനയെ ആണ് അവസാനം കൊലപ്പെടുത്തിയത്. ഫർസാനയുടെ മൃതദേഹം മുകളിലത്തെ നിലയിൽ ചെയറിയിൽ ഇരിക്കുന്ന നിലയിൽ ആയിരുന്നു. സ്വീകരണ മുറിയിൽ നിലത്ത് കിടക്കുന്ന നിലയിൽ ആയിരുന്നു അഫ്‌സാന്റെ മൃതദേഹം. ഇതിന് ചുറ്റുമായി 500 രൂപയുടെ നോട്ടുകൾ വിതറിയിരുന്നു.
വിവരം അറിഞ്ഞ് വീട്ടിൽ എത്തിയ പോലീസ് കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഷമിയെ ആയിരുന്നു. കണ്ണുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്ന ഷെമിയെ വസ്ത്രം മാറ്റിയതിന് ശേഷം ആയിരുന്നു ആശുപത്രിയിൽ എത്തിച്ചത്. അർബുദബാധിതയായിരുന്നു ഷമി. അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും മരുന്ന് നൽകിയിരുന്നതും അഫാൻ ആയിരുന്നു.
വൈകീട്ടോടെയായിരുന്നു പെൺസുഹൃത്തിനെ അഫാൻ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. ട്യൂഷനെന്ന് പറഞ്ഞാണ് മൂന്ന് മണിയോടെ മകൾ വീട്ടിൽ നിന്നും പോയത് എന്ന് ഫർസാനയുടെ വീട്ടുകാർ പറയുന്നു . താൻ ജയിലിൽ ആകുകയോ മരിക്കുകയോ ചെയ്താൽ ഫർസാന ഒറ്റയ്ക്കാകും. ഇതേ തുടർന്നാണ് ഫർസാനയെ കൊല്ലാൻ അഫാൻ തീരുമാനിച്ചത് എന്നാണ് വിവരം. ഇത്രയും പേരെ അഫാൻ എന്തിന് കൊലപ്പെടുത്തി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Discussion about this post