തിരുവനന്തപുരം: വെഞ്ഞറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ലഹരിയ്ക്കടിമയാണെന്ന സംശയത്തിൽ പോലീസ്. ലഹരി ഉപയോഗത്തെ തുടർന്നാണ് അഫാന് ഇത്രയേറെ സാമ്പത്തിക ബാദ്ധ്യത ഉണ്ടായത് എന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
കൊലയ്ക്ക് മുൻപ് അമ്മയോട് പ്രതി പണം ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകിയില്ല. ഇതിന് പിന്നാലെ വല്യമ്മയുടെ പക്കൽ എത്തി സ്വർണാഭരണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതും ലഭിക്കാത്തതിന് പിന്നാലെ ആയിരുന്നു കൊല. പിതാവിനെ സഹായിക്കുന്ന അഫാന് എന്തിനാണ് പണം എന്ന ചോദ്യമാണ് പോലീസിന് മുൻപിൽ ഉള്ളത്. ലഹരി ഉപയോഗത്തിന് വേണ്ടി പണം ചിലവഴിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ പോലീസ് അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ബന്ധുക്കളുടെയോ നാട്ടുകാരുടെയോ മൊഴിയിൽ നിന്നും അഫാൻ ലഹരി ഉപയോഗിക്കുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി അഫാന്റെ രക്തം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഫർസാനയുമായുള്ള ബന്ധം എതിർത്തതാണ് കൊലയ്ക്ക് കാരണം ആയത് എന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ഫർസാനയുടെ ബന്ധുക്കൾ പറയുന്നു.
അതേസമയം കൂട്ടക്കൊലയ്ക്ക് ശേഷം വിഷം കഴിച്ച അഫാൻ ആശുപത്രിയിൽ ചികിത്സയിലാണ്. എലിവിഷമാണ് കഴിച്ചത് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇന്നലെ രാത്രിയായിരുന്നു അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാൻ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
Discussion about this post