നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആവശ്യപ്പെട്ട 907 കലാകാരന്മാരുടെ പട്ടികയില്‍ സംവിധായകന് മേജര്‍ രവിയും . എറണാകുളം ലോകസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി രാജീവിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലെത്തി വോട്ട് അഭ്യര്‍ഥിച്ചിരുന്നു മേജര്‍ രവി. ഇതിനെ സമൂഹമാദ്ധ്യമങ്ങളില്‍ ഇടത് അനുകൂലികള്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു . പിന്നാലെ സംഘപരിവാരവുമായി അടുപ്പം സൂക്ഷിച്ചിരുന്ന മേജര്‍ രവി പിന്നോട്ട് പോയിയെന്ന പ്രചാരണവും ചര്‍ച്ചകളും സജീവമായിരുന്നു .
കഴിഞ്ഞ ദിവസമാണ് അഴിമതി രഹിത – വികസനോന്മുഖ ഭരണത്തിന് മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് ബോളിവുഡ് താരം വിവേക് ഒബ്റോയി , പണ്ഡിറ്റ് ജസ്രാജ് , ഗായകന് ശങ്കര്‍ മഹാദേവന് എന്നിവര്‍ ഉള്‍പ്പടെ 907 പേര് സംയുക്ത പ്രസ്താവന പുറത്തിറക്കിയത് . ഇതിലാണ് മേജര്‍ രവിയും ഉള്‍പ്പെട്ടിരിക്കുന്നത് . തന്റെ അറിവോടെയാണ് നരേന്ദ്രമോദിയുടെ ഭരണത്തിനായിട്ടുള്ള അഭ്യര്‍ത്ഥനയില്‍ പേര് വന്നതെന്ന് മേജര്‍ രവി പറഞ്ഞു .
ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന ആവശ്യം ഉന്നയിച്ച് നൂറിലേറെ കലാകാരന്മാര് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു . ഇതിന് പിന്നാലെയാണ് ബിജെപി അനുഭാവമുള്ള കലാകാരന്മാരുടെ പ്രസ്താവന വന്നിരിക്കുന്നത് .
Discussion about this post