ന്യൂഡൽഹി: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എന്ത് കാര്യത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിലെ നേതാക്കൻമാരുടെ നടപടി തികച്ചും പരിഹസ്യമാണെന്ന് എസ് ജയശങ്കർ കുറ്റപ്പെടുത്തി.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിലെ ആരെങ്കിലും എല്ലാ ദിവസവും എഴുന്നേറ്റു നിന്ന് എല്ലാത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുകയാണെങ്കിൽ… റിപ്പോർട്ടുകൾ നോക്കിയാൽ മനസിലാകും, ഇത്തരം കാര്യങ്ങളെല്ലാം തികച്ചും പരിഹാസ്യമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ‘ഒരു വശത്ത് ഞങ്ങൾക്ക് നിങ്ങളുമായി നല്ല ബന്ധം പുലർത്താൻ ആഗ്രഹമുണ്ടെന്ന് പറയുന്നു. എന്നാൽ, എല്ലാ ദിവസവും രാവിെല എഴുന്നേൽക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യത്തിനും ഞങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തും എന്ന നിലപാടെടുക്കുന്നു’- ഇടക്കാല സർക്കാരിനെ പരിഹസിച്ചുകൊണ്ട് എസ് ജയശങ്കർ പറഞ്ഞു.
1971-ൽ ഇന്ത്യൻ സൈന്യവും മുക്തി ബാഹിനിയും ചേർന്ന് കിഴക്കൻ പാകിസ്താാൻ എന്നറിയപ്പെട്ടിരുന്ന പ്രദേശം പശ്ചിമ പാകിസ്ഥാനിൽ നിന്ന് മോചിപ്പിച്ചതു മുതൽ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ‘പ്രത്യേക ബന്ധം’ എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയുമായി ഏതുതരം ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാൻ ജയശങ്കർ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യ-ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ പ്രശ്‌നത്തിന്റെ രണ്ട് വശങ്ങളെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യത്തേത് ന്യൂനപക്ഷങ്ങൾക്കെതിരായ വർഗീയ ആക്രമണങ്ങളാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പരമ്പരയാണ് തങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുന്നത്. ഇത് വ്യക്തമായും നമ്മുടെ ചിന്തയെ സ്വാധീനിക്കുന്ന ഒന്നാണ്. നമ്മൾ സംസാരിക്കേണ്ട ഒന്നാണിത്, അത് ഇന്ത്യ ചെയ്തിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ബംഗ്ലാദേശിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനെ കുറിച്ചുള്ള ആശങ്ക ഇന്ത്യ പലതവണ ബംഗ്ലാദേശിനോട് ഉന്നയിച്ചിട്ടുണ്ട്. അതേസമയം, രണ്ടാമത്തെ വശം ബംഗ്ലാദേശിന്റെ ആഭ്യന്തര രാഷ്ട്രീയമാണ്. അത് ‘ഒരാൾക്ക് യോജിക്കുകയോ വിയോജിക്കുകയോ’ ചെയ്യാവുന്ന ഒന്നാണ്. കാര്യങ്ങൾ ശാന്തമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന വ്യക്തമായ സന്ദേശം ഇന്ത്യ നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്കെതിരായ അവരുടെ നിരന്തരമായ ശത്രുതാപരമായ സന്ദേശങ്ങളെ ഞങ്ങൾ അനുകൂലിക്കുകയില്ലെന്നും എസ് ജയശങ്കർ വ്യക്തമാക്കി.
Discussion about this post