കത്വവാ കൂട്ടബലാൽസംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ, ശിക്ഷ ലഭിച്ചവരുടെ കുടുംബം നാട് വിടുന്നു. സുരക്ഷ കരുതിയാണ് ബന്ധുക്കള്‍ നാട് വിടുന്നത്..പ്രതി സാഞ്ചിറാമിന്റെ കുടുംബമാണ് ഇപ്പോള്‍ നാട് വിട്ട് പത്താന്‍കോട്ടിലേക്ക് പോകുന്നത്.
ബക്കര്‍വാള്‍ സമുദായത്തില്‍പ്പെട്ട എട്ട് വയസ്സുകാരിയെ ആണ് കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ സാഞ്ചി റാം, ദീപക് ഖജൂരിയ, പര്‍വേശ് കുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ലഭിച്ചിരുന്നു. മറ്റൊരു പ്രതി വിഷാല്‍ ജാംഗോത്രയെ കോടതി വെറുതെ വിട്ടു.
കൊലപാതകം,തട്ടിക്കൊണ്ടു പോകല്‍,ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ 3 പേര്‍ക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.മറ്റ് 3 പേര്‍ക്ക് തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 5 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചിരിക്കുന്നത്.
2018 ജനുവരിയിലായിരുന്നു രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ കത്വവാ കൂട്ടബലാത്സംഗം. ജമ്മു കശ്മീരിലെ കത്വവായില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വവായിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ടായിരുന്നു കൃത്യമെന്നും കുറ്റപത്രം.എട്ട് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല. കുറ്റപത്രം കത്വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് സുപ്രിം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം നടന്നത് രഹസ്യ വിചാരണ. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു.
Discussion about this post