ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയെത്തുടർന്ന് ദേശീയ പാർട്ടി പദവി തുലാസ്സിലായ സിപിഐ ന്യായങ്ങളുമായി രംഗത്ത്. തങ്ങൾ പാരമ്പര്യമുള്ള പാർട്ടിയാണെന്നും ഇന്ത്യയിൽ ആകെ ആറ് ശതമാനം വോട്ടുണ്ടെന്നും സിപിഐ വാദിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ള പാര്‍ട്ടിയായതിനാല്‍ തങ്ങളുടെ പദവി നിലനിര്‍ത്തണമെന്നാണ് സിപിഐയുടെ ആവശ്യം.
സിപിഐയ്ക്ക് പുറമെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ശരത്പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും( എന്‍.സി.പി)മാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകാൻ പോകുന്നത്. ഈ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ നോട്ടീസ് നല്‍കും. ദേശീയ പാര്‍ട്ടി പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്നതിന് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ ഈ പാര്‍ട്ടികളുടെ മോശം പ്രകടനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചിരിക്കുന്നത്.
1968ലെ ഇലക്ഷന് സിംബല്‍സ് (റിസര്‍വേഷന്‍ ആന്‍ഡ് അലോട്മെന്റ്) ഉത്തരവ് പ്രകാരം ഒരു പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി കണക്കാക്കണമെങ്കില്‍ ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലെങ്കിലും ലോക്സഭ മണ്ഡലങ്ങളിലോ നിയമസഭ മണ്ഡലങ്ങളിലോ ആറ് ശതമാനം വോട്ട് നേടാന്‍ കഴിയണം. കൂടാതെ നാല് അംഗങ്ങളെങ്കിലും ലോക്സഭയില്‍ വേണം. മൊത്തം ലോക്സഭ സീറ്റുകളുടെ രണ്ട് ശതമാനമെങ്കിലും നേടണം. ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വേണം. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ പാർട്ടികൾ പരാജയപ്പെട്ട സാഹചര്യത്തിൽ ഇവയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമാകാൻ തന്നെയാണ് സാദ്ധ്യത.
Discussion about this post