പീഡന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയ് ഹർജിയിൽ പറയുന്നു. ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക.
അതേസമയം കഴിഞ്ഞ തിങ്കളാഴ്ച മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം, ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് രക്ത സാമ്പിളുകൾ നൽകിയിരുന്നില്ല. ഹർജി കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിൾ നൽകാതിരുന്നത്.ആദ്യ തവണ ഹാജരായപ്പോഴും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിൾ നൽകിയിരുന്നില്ല.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. കേസില്‍ മുംബൈ ദിൻദോഷി സെഷൻസ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.
Discussion about this post