ന്യൂയോർക്ക്: പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ന്യൂയോർക്കിൽ പ്രതിഷേധം. ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യാനിരിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കനത്ത നാണക്കേടായിരിക്കുകയാണ് പാക് വംശജർ സഹിതം നേതൃത്വം കൊടുക്കുന്ന പ്രതിഷേധ പ്രകടനം.
USA: Trucks carrying digital ads, highlighting the atrocities against minorities in Karachi, seen in New York. pic.twitter.com/KR5pksTn9R
— ANI (@ANI) September 26, 2019
പാകിസ്ഥാനിലെ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് നൂറുകണക്കിന് ടാക്സികളും ട്രക്കുകളും ന്യൂയോർക്ക് തെരുവുകളിൽ നിറഞ്ഞു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ദുരിതം വിവരിക്കുന്ന ഡിജിറ്റൽ ബോർഡുകളുമായാണ് വാഹനങ്ങൾ ന്യൂയോർക്ക് റോഡുകളിൽ നിറഞ്ഞത്.
‘വോയിസ് ഓഫ് കറാച്ചി’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് അമേരിക്കയിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്. ഐക്യരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കാത്ത രാജ്യമാണ് പാകിസ്ഥാൻ എന്ന് ബോർഡുകളിൽ എഴുതിയിരിക്കുന്നു. പാകിസ്ഥാനിൽ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണെന്ന മുദ്രാവാക്യങ്ങളും ബോർഡുകളിൽ കാണാം.
പാകിസ്ഥാനിലെ നീതി നിഷേധം അന്താരാഷ്ട്ര ശ്രദ്ധയിൽ എത്തിക്കുക എന്നത് തങ്ങളുടെ ധാർമ്മികവും മനുഷ്യത്വപരവും ജനാധിപത്യപരവുമായ കടമയാണെന്ന് കറാച്ചി മുൻ മേയർ വാസേ ജലീൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ പതിറ്റാണ്ടുകളായി പാകിസ്ഥാൻ തുടരുകയാണെന്നും ഇരുപത്തയ്യായിരത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആയിരക്കണക്കിന് ആളുകൾ പ്രതിദിനം അപ്രത്യക്ഷരായി കൊണ്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിനെ കുറിച്ച് കള്ളക്കഥകൾ പറയുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആദ്യം തയ്യാറാകണമെന്ന് വോയിസ് ഓഫ് കറാച്ചി അദ്ധ്യക്ഷൻ നദീം നുസ്രത് പറഞ്ഞു. ‘ഇന്ത്യ മുസ്ലിം വിരുദ്ധമാണെന്ന് പറയാൻ പാകിസ്ഥാന് നാണമില്ലേ? ന്യൂനപക്ഷങ്ങൾക്ക് നരകം തീർക്കുന്ന പാകിസ്ഥാൻ നുണകൾക്ക് മേൽ വിരാജിക്കുകയാണ്.‘ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാൻ കശ്മീരിലെ മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രസംഗിക്കുമ്പോൾ അഞ്ച് ലക്ഷത്തോളം പാകിസ്ഥാനികൾ ഇന്നും ബംഗ്ലാദേശിലെ റെഡ് ക്രോസ് ക്യാമ്പുകളിലാണ് ജീവിക്കുന്നതെന്നും നുസ്രത് പറഞ്ഞു. പാകിസ്ഥാനിലെ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും അവർ അർഹിക്കുന്ന പരിഗണയും മാന്യതയും ലഭ്യമാകണം. ആദ്യം അത്തരം കാര്യങ്ങൾ ഉറപ്പ് വരുത്താൻ പാകിസ്ഥാൻ തയ്യാറാകണം. പിന്നീടാകാം മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂയോർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങൾക്ക് പുറമെ ഭരണകൂട ഭീകരത അനുഭവിക്കുന്ന പാക് ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് കത്തെഴുതിയതായും വോയിസ് ഓഫ് കറാച്ചി വക്താക്കൾ അറിയിച്ചു.
Discussion about this post