എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ തുക പിൻവലിക്കാനുള്ള പ്രായപരിധി 60 വയസ്സാക്കും. അന്താരാഷ്ട്രരീതികളുമായി സമാനപ്പെടുത്തി ഇ.പി.എഫ്. പെൻഷൻ പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം.
നിലവിൽ 58 വയസ്സായാൽ പെൻഷൻ പറ്റാമെന്നതാണ് വ്യവസ്ഥ. പെൻഷൻ പ്രായം 58 എന്ന കാഴ്ചപ്പാടിലാണിത്. 58 വയസ്സിൽ വിരമിക്കുന്നവർക്കും 60 വയസ്സുവരെ തുക ഇ.പി.എഫിൽ നിക്ഷേപമായി സൂക്ഷിക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ വ്യവസ്ഥ. ഇതുവഴി രണ്ടു വർഷത്തെ അധികപലിശ ലഭിക്കും.
നവംബറിൽ ചേരുന്ന ഇ.പി.എഫ്.ഒ. ട്രസ്റ്റി യോഗത്തിൽ പുതിയ നിർദേശം ചർച്ചയ്ക്കെടുക്കും. ട്രസ്റ്റി യോഗം അംഗീകരിച്ചാൽ കേന്ദ്ര തൊഴിൽമന്ത്രാലയം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും. ലോകത്തെ പലയിടങ്ങളിലും 65 വയസ്സിനുശേഷമാണ് പെൻഷൻ നൽകുന്നതെന്നും ഇ.പി.എഫ്. പ്രായപരിധി 60 വയസ്സായി ഉയർത്തണമെന്നുമാണ് അധികൃതരുടെ വാദം.
നാഷണൽ പെൻഷൻ സ്കീമനുസരിച്ച് 60 വയസ്സാണ് പെൻഷൻ അർഹതാപരിധി. ഇ.പി.എഫ്. പെൻഷനും ഇതിന് സമാനമാക്കുന്നതും സർക്കാറിന്റെ പരിഗണനയിലുണ്ട്..
Discussion about this post