ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ്-ശിവസേന സഖ്യത്തില്‍ പൊട്ടിത്തെറി. മഹരാഷ്ട്രയില്‍ പുതിയ നിയമം നടപ്പാക്കില്ലെന്ന നയം പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തള്ളി. ഇതേ തുടര്‍ന്ന് കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ്. നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ശിവസേന വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ക്കെതിരായ വിവാദ പരാമർശത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള തര്‍ക്കം ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണ്. വിവിധ ന്യൂനപക്ഷ സംഘടനകള്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉടന്‍ ഇക്കാര്യം സാധ്യമാക്കാം എന്ന ഉറപ്പ് കോണ്‍ഗ്രസും പ്രഖ്യാപിച്ചു. എന്നാല്‍ അതിന് തയ്യാറല്ലെന്നാണ് ശിവസേനയുടെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ തങ്ങള്‍ ഉള്‍പ്പെടുത്തിയ വാഗ്ദാനം ആയിരുന്നു പൗരത്വ നിയമ ഭേദഗതി എന്നാണ് ശിവസേനയുടെ വിശദീകരണം.
അതേസമയം പൗരത്വ നിയമത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. ഇരുപാര്‍ട്ടികളും അവരവരുടെ നിലപാടില്‍ ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍ വിഷയം വരും ദിവസങ്ങളില്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.
അടുത്ത ദിവസം നിയമത്തിനെതിരെ മുംബൈയില്‍ വിവിധ ന്യൂനപക്ഷ സംഘടനകള്‍ പ്രകടനം സംഘടിപ്പിക്കുന്നുണ്ട്. പ്രതിഷേധം അക്രമാസക്തമായാല്‍ ശക്തമായ നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പ് പൊലീസും നല്കി കഴിഞ്ഞു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാതിരിക്കാന്‍ എന്‍സിപിയും നീക്കം ആരംഭിച്ചതായാണ് സൂചന. ശരത് പവാര്‍ ഇരു പാര്‍ട്ടി നേതൃത്വങ്ങളോടും പരസ്യ പ്രതികരണം ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു.
Discussion about this post