തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ശബരിമല സന്ദര്‍ശനത്തിന് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ പ്രായോഗിക ബുദ്ധിമുണ്ടെന്ന് പൊലീസ്. ഉന്നതതലയോഗത്തിലാണ് പൊലീസ് ആശങ്കയറിയിച്ചത്. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗത്തെ ഇക്കാര്യം അറിയിക്കും, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകളോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി ആറിനാണ് രാഷ്ട്രപതി ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ രാഷ്ട്രപതിക്ക് സുരക്ഷ ഒരുക്കുന്നതില്‍ ആശങ്കയുണ്ടെന്നാണ് പൊലീസ് നിലപാട്. തിരക്കുളള സമയം ആയതിനാല്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് മറ്റു വഴികള്‍ കാണേണ്ടി വരും. മറ്റ് ക്രമീകരണങ്ങള്‍ നടത്താന്‍ സമയക്കുറവുണ്ടെന്നും പൊലീസ് അറിയിച്ചു.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. സന്നിധാനത്ത് ഹെലിപ്പാഡ് സജ്ജമാക്കാനുള്ള സാധ്യതകള്‍ ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ട്. ഇത് സാധ്യമായില്ലെങ്കില്‍ രാഷ്ട്രപതി നിലയ്ക്കലിലാകും ഹെലികോപ്റ്ററില്‍ ഇറങ്ങുക.
സുരക്ഷാ ക്രമീകരണങ്ങളില്‍ രാഷ്ട്രപതി ഭവന് സംതൃപ്തിയുണ്ടെങ്കില്‍ മാത്രമെ ശബരിമല സന്ദര്‍ശനത്തിന് അന്തിമ തീയതി പ്രഖ്യാപിക്കു. രാഷ്ട്രപതി എത്തുന്ന ദിവസം പമ്പയിലേക്കുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകാനാണ് സാധ്യത.
Discussion about this post