തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിനു കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. ചാവക്കാട്ടെ കൊലപാതകം ഒറ്റപ്പെട്ടതെങ്കിലും അപലപനീയമാണ്. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തേണ്ട സമയമാണ്. ഒരുതലത്തിലും തെറ്റായ ശൈലികളും പ്രവണതകളും വരരുതെന്നും സുധീരന് പറഞ്ഞു. സിപിഐഎം അക്രമ രാഷ്ട്രീയത്തിന്റെ പേരിലാണ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടതെന്നും സുധീരന് പറഞ്ഞു.തൃശൂര്‍ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് എ.സി.ഹനീഫയുടെ കൊലപാതകം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹനീഫയുടെ കൊലപാതകത്തെ കുറിച്ചുള്ള കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് സുധീരന് സമര്‍പ്പിക്കും. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. ഉപസമിതി അറിയിച്ചു. സംഭവത്തില്‍ കെ.പി.സി.സി ഉപസമിതി ഇന്ന് നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നുതന്നെ കരട് റിപ്പോര്‍ട്ടും ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കുമെന്ന് ഉപസമിതിയംഗങ്ങള്‍ പറഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പ്രാദേശിക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഉപസമിതി വ്യക്തമാക്കി.
അതേസമയം, കൊലക്കേസില്‍ പ്രാദേശിക ഐ ഗ്രൂപ്പ് നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിച്ചുണ്ട്. കൊലയ്ക്ക് കാരണം കഌ് ഭരണം സംബന്ധിച്ച ഗ്രൂപ്പ് തര്‍ക്കമെന്ന് പ്രാഥമിക നിഗമനം. ചാവക്കാട് പുത്തന്‍കടപ്പുറത്തെ ക്ലബിന്റെ പ്രവര്‍ത്തനത്തെ ചൊല്ലി എ.ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരുമാസം മുന്‍പ് ഹനീഫയുടെ സഹോദരപുത്രന് വെട്ടേറ്റിരുന്നു. ഇതിന് ശേഷവും നിലനിന്ന തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post