ഹൈദരാബാദ്: ആന്ധ്രയില്‍ നിന്നുള്ള മുന്നൂറോളം മത്സ്യത്തൊഴിലാളികള്‍ കര്‍ണാടകയില്‍ കുടുങ്ങിയ സംഭവത്തിൽ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തി ടി.ഡി.പി അദ്ധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു. ഉഡുപ്പി ജില്ലയിലെ മാല്‍പെ ഗ്രാമത്തിലാണ് ഇവർ കുടുങ്ങിയത്. മേയ് മൂന്നിന് ശേഷം കര്‍ണാടക സര്‍ക്കാര്‍ ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് നിറുത്തിവച്ചതോടെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്.
ഇവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്‍കണമെന്നും അവരെ ആന്ധ്രയിലേക്ക് തിരിച്ചയക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ബുധനാഴ്ച മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. അനുകൂല പ്രതികരണമാണ് യെദിയൂരപ്പയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നായിഡു ട്വീറ്റ് ചെയ്തു.
കുടുങ്ങിയ മത്സ്യത്തൊഴിലാളികളില്‍ 56 പേര് കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ശ്രീകാകുളം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഇവരെല്ലാം മത്സ്യബന്ധനത്തിനായി ഏഴുമാസം മുമ്പ് ഉഡുപ്പിയിലേക്ക് പോയി. അവര്‍ മടങ്ങാന്‍ ഒരുങ്ങുമ്പോഴേക്കും ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരികയായിരുന്നു.
Discussion about this post