പാലക്കാട്: ‘വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് ‘പാർട്ടി നയം’ എന്ന് ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവർക്ക് പാലക്കാട് കരിമ്പുഴയിൽ നൽകിയ സ്വീകരണത്തിലാണ് ശശി വിവാദ പരാമർശം നടത്തിയത്. സാമൂഹിക അകലം പാലിക്കാതെ പരിപാടിയിൽ പങ്കെടുത്ത ശശി ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതായും പരാതിയുണ്ട്.
”ഈ പാർട്ടിയുടെ ഒരു പ്രത്യേകത എന്താന്ന് വച്ചാൽ, പാർട്ടിയെ വിശ്വസിച്ച് കൂടെ വന്നാൽ, പൂർണ്ണമായ സംരക്ഷണം തരും. ആവശ്യമായ എല്ലാ സഹായവും സുരക്ഷിതത്വവും തരും. വളരെ വ്യക്തമായിട്ട് പറയാണ്. അതല്ല, ചതിച്ചാൽ, പാർട്ടി ദ്രോഹിക്കും. ഇത് പാർട്ടിയുടെ ഒരു നയമാണ്. ഞങ്ങളെല്ലാം പിന്തുടരുന്ന നയമാണ്”. ഇതായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പി കെ ശശിയുടെ വാക്കുകൾ.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട്, സാമൂഹിക അകലം പോലും പാലിക്കാതെ ശശി യോഗത്തിൽ പങ്കെടുത്തത് വലിയ വിവാദമായിട്ടുണ്ട്. നേരത്തെ ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്റെ പീഡന പരാതിയിൽ നടപടി നേരിട്ട ആളാണ് പി കെ ശശി.
അതേസമയം ശശിയുടെ പീഡനം പാർട്ടി ലഘൂകരിച്ച് കണ്ടതും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തതും ഇത്തരം ‘സംരക്ഷണത്തിന്റെ‘ ഭാഗമാണോയെന്ന് പാർട്ടി അംഗങ്ങളായ ചിലർ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ശശിയെ സിപിഎമ്മിലെ ഒരു വിഭാഗം സംരക്ഷിക്കുകയാണെന്ന് പരാതിക്കാരിയും ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയുടെ ‘സംരക്ഷണ‘ നയം വ്യക്തമാക്കിയ ശശിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
Discussion about this post