സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജനതാദള്‍ എസ്. കുതിരക്കച്ചവടത്തിന്റെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്ന് ജനതാദള്‍ എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി വിമര്‍ശിച്ചു.
പാര്‍ട്ടികളെ വിഭജിക്കുന്നതിലും എം.എല്‍.എമാരെ വിഭജിക്കുന്നതിലും കോണ്‍ഗ്രസ് വിദഗ്ധരാണ്. അവര്‍ ഈ പ്രവര്‍ത്തി ആരംഭിച്ചതിന് ശേഷമാണ് കുതിരക്കച്ചവടം എന്ന പദം തന്നെ ഉടലെടുത്തതെന്നും കുമാരസ്വാമി പറഞ്ഞു.
‘ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ‘സേവ് ഡെമോക്രസി’ പ്രചരണം നടത്തുകയാണ്. കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സഹായിച്ച ബി.എസ്.പി എം.എല്‍.എമാരെ അവര്‍ ചോര്‍ത്തിയില്ലേ. ഇത് കച്ചവടമല്ലേ?’, കുമാരസ്വാമി ചോദിച്ചു.
‘നിങ്ങള്‍ സമാനമനസ്ക്കരായ പാര്‍ട്ടികളിലെ എം.എല്‍.എമാരെ വിഭജിക്കുമ്പോള്‍, ആരാണ് നിങ്ങളെ പിന്തുണക്കുക?. ഈ തെറ്റുകളൊന്നും നിങ്ങളെ തുറന്നുകാട്ടുകയില്ലേ?’, മുന്‍ കര്‍ണാടക മുഖ്യമന്ത്രി ചോദിച്ചു.
Discussion about this post