തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക മൊഴിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍. ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്കറിന് ജീവനുണ്ടായിരുന്നതായിട്ടാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. താന്‍ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്കര്‍ പറഞ്ഞതായി ഡോക്ടര്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ബാലഭാസ്കറില്‍ നിന്നും മരണമൊഴി രേഖപ്പെടുത്തിയ ഡോക്ടര്‍ ഫൈസലിന്റെതാണ് വെളിപ്പെടുത്തല്‍. പത്ത് മിനുട്ടിലേറെ ബാലഭാസ്കറിന് ബോധമുണ്ടായിരുന്നെന്നും പിന്നീട് ബന്ധുക്കളെത്തി അദ്ദേഹത്തെ കൊണ്ട് പോവുകയുമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. വാഹനമോടിച്ചത് ബാലഭാസ്കറല്ല എന്നാണ് മനസിലാകുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
‘ബാലഭാസ്കറിന് പത്ത് മിനിറ്റ് ഓളം ബോധം ഉണ്ടായിരുന്നു. തന്റെ കൈകള്‍ ചലിക്കുന്നില്ലെന്ന് ബാലഭാസ്ക്കര്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ താന്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ എത്തി ബാലഭാസ്ക്കറേയും , ഭാര്യയേയും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി,’ ഡോക്ടര്‍ പറഞ്ഞു.
Discussion about this post