മൂന്നാർ : മൂന്നാറിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു.മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. ഇതുവരെ 16 പേരെയാണ് രക്ഷപ്പെടുത്താനായത്. രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
ഇടുക്കിയിലെ രാജമലയിലുണ്ടായിരുന്ന 20 വീടുകളിലെ 53 പേർ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചനകൾ.ഇവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘവും വ്യോമസേനയുടെ 50 അംഗ ഹെലികോപ്റ്റർ സംഘവും രാജമലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിലുള്ള എൻഡിആർഎഫ് സംഘം അധികം വൈകാതെ രാജമലയിലെത്തുമെന്ന് ദേവികുളം സബ് കളക്ടർ കൃഷ്ണൻ അറിയിച്ചു. രാജമല പെട്ടിമുടി സെറ്റിൽമെന്റിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടാകുന്നത്. 20 വീടുകളുള്ള നാലു ലയങ്ങൾ ഉരുൾപൊട്ടലിൽ ഒലിച്ചു പോയതായി നാട്ടുകാർ പറഞ്ഞു.
Discussion about this post