ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മറവില്‍ കലാപം അഴിച്ചുവിട്ട് മോദി സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്ന് ഡല്‍ഹി പോലീസ്. കലാപവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യവ്യാപകമായി കലാപം സൃഷ്ടിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. പിന്‍ജ്ര തോഡ് ആക്ടിവിസ്റ്റും കലാപക്കേസിലെ പ്രതിയുമായ നാസ്ത അഗര്‍വാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
മോദി സര്‍ക്കാരിനെ മുട്ടുകുത്തിയ്ക്കുന്നതിനായി മൂന്ന് ഘട്ടങ്ങളിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തെന്ന് നാസ്ത അഗര്‍വാള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതിയ്ക്കെതിരെ വ്യാപകമായി പ്രതിഷേധ ധര്‍ണ്ണകള്‍ നടത്തുകയായിരുന്നു സര്‍ക്കാരിനെതിരായ ആസൂത്രണത്തിന്റെ ആദ്യ പടി. പിന്നീട് ഡല്‍ഹിയിലെ പ്രധാന റോഡുകള്‍ മുഴുവന്‍ ഉപരോധിച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക. ഇതിന് ശേഷം വ്യാപകമായി കലാപം നടത്താനായിരുന്നു ആസൂത്രണം എന്ന് നര്‍വാള്‍ മൊഴിയെ അടിസ്ഥാനമാക്കിയുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
മേല്‍ പറഞ്ഞ പദ്ധതികള്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടപ്പിലാക്കാനാണ് പിന്‍ജ്ര തോഡ് അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നത്. ഇവിടങ്ങളിലെ കലാപങ്ങള്‍ക്ക് നേതൃത്വം നല്കാന് മീരാന്‍ ഹൈദറിനെയും, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം സഫൂറ സര്ഗാറിനെയുമാണ് ചുമതലപ്പെടുത്തിയിരുന്നത്. സര്‍ക്കാരിനെതിരായ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നര്‍വാളും, പ്രൊമ റോയ്, ദേവാങ്കണ കാലിത, എന്നിവര്‍ ജനുവരി അഞ്ചിന് ഫ്രൂട്ട് മന്തിയില്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധങ്ങള്‍ക്കായി പ്രൊഫസര്‍ അപൂര്‍വ്വാനന്ദ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രതിഷേധം സമാധാനപരവും അതേസമയം പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ളതായിരിക്കണമെന്നാണ് അപൂര്‍വ്വാനന്ദ പ്രതിഷേധക്കാര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post