വാഷിംഗ്ടൺ : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഈ മാസം 26, 27 ദിവസങ്ങളിൽ ഡൽഹിയിൽ വെച്ചു നടക്കുന്ന ദ്വിതല ഉന്നത യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയിലേക്കെത്തുന്നത്. മൈക്ക് പോംപിയോയെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പെർ അനുഗമിക്കും.
ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ദ്വിതല ഉന്നത യോഗത്തിൽ വെച്ച് ഇന്ത്യ അമേരിക്കയുമായി ബേസിക് എക്സ്ചേഞ്ച് ആന്റ് കോപ്പറേഷൻ എഗ്രിമെന്റിൽ (ബിഇസിഎ) ഒപ്പുവെയ്ക്കുമെന്നും സൂചനയുണ്ട്.
ഇന്ത്യ സന്ദർശനത്തിനു ശേഷം മൈക്ക് പോംപിയോ വരും ദിവസങ്ങളിൽ ശ്രീലങ്കയും മാലിദ്വീപും സന്ദർശിക്കും. ഒക്ടോബർ 28 ന് മൈക്ക് പോംപിയോ ശ്രീലങ്ക സന്ദർശിക്കുമെന്ന കാര്യം ശ്രീലങ്കൻ ക്യാബിനറ്റ് ഔദ്യോഗിക വക്താവും മന്ത്രിയുമായ കെഹെലിയ രംബുക്ക്വെല്ലയാണ് അറിയിച്ചത്.
സന്ദർശനത്തിൽ എയർ ബബിൾ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും പ്രധാനമായും ചർച്ച ചെയ്യുകയെന്ന് കെഹെലിയ രംബുക്ക്വെല്ല കൂട്ടിച്ചേർത്തു. ഏതെങ്കിലും രാജ്യമായി ഉഭയകക്ഷി എയർ ബബിൾ കരാറുമായി ധാരണയിലെത്തിയാൽ ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ സാധിക്കും.
Discussion about this post