ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയുടെ പുനപരിശോധന ഹർജി തള്ളി സുപ്രീംകോടതി. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ ഫ്രാങ്കോ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. മുമ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പിഴവ് ഉണ്ടായിട്ടില്ലെന്നും അതിനാൽ തന്നെ പുനപരിശോധന ആവശ്യമില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. ബലാൽസംഗത്തിനിരയായ കന്യാസ്ത്രീക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു പുനപരിശോധന ഹർജിയിൽ ഫ്രാങ്കോ ഉന്നയിച്ചത്. പുതിയൊരു സന്യാസസമൂഹം രൂപീകരിക്കാൻ പരാതിക്കാരിയായ കന്യാസ്ത്രീ ശ്രമിച്ചിരുന്നുവെന്നും, ഇതിനു വേണ്ടി മറ്റൊരു പള്ളിയുമായി 2013 മുതൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കൽ ആരോപിച്ചു. എന്നാൽ, ഈ പദ്ധതി പരാജയപ്പെട്ടു എന്നാണ് ഫ്രാങ്കോ കോടതി മുമ്പാകെ വെളിപ്പെടുത്തിയത്.
2017-ൽ, പരാതിക്കാരിയായ കന്യാസ്ത്രി ക്കെതിരെ ചില പരാതികൾ ലഭിച്ചിരുന്നുവെന്നും ഇതിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് മുൻകൂട്ടി ആസൂത്രണം ചെയ്തുള്ള കന്യാസ്ത്രീയുടെ പരാതിയെന്നും ഫ്രാങ്കോ സുപ്രീംകോടതിൽ നൽകിയ ഹർജിയിൽ വെളിപ്പെടുത്തി.
Discussion about this post