കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ കസ്റ്റംസ് പ്രതി ചേർത്തു. കേസിൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം സെഷൻസ് കോടതിയാണ് അനുമതി നൽകിയത്.
നേരത്തെ ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാനായി നല്കിയ അപേക്ഷയില്‍ ശിവശങ്കറിനെ ‘അക്യൂസ്ഡ് ‘എന്നാണ് കസ്റ്റംസ് വിശേഷിപ്പിച്ചിരിക്കുന്നത്.
സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. സ്വപ്നയുടെയും സരിതിന്റെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോർട്ടും കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചു. പ്രതികളെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
കള്ളപ്പണ കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് ജയിലിൽ എത്തിയാണ് കസ്റ്റംസ് രേഖപ്പെടുത്തുക. നേരത്തെ ശിവശങ്കറിനെ ജയിലിൽ എത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയയിരുന്നു അറസ്റ്റിനായുള്ള നീക്കം.
Discussion about this post